ബീഹാറില്‍ എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അല്പായുസ്സ് മാത്രം !

ബീഹാറിലും മഹാരാഷ്ട്ര മോഡല്‍ അട്ടിമറിക്ക് സാധ്യതയേറുന്നു. മുറിവേറ്റ സിംഹമായാണ് നിതീഷ് കുമാര്‍ എന്‍.ഡി.എയില്‍ തുടരുന്നത്. അത് ഇനി എത്രനാള്‍ എന്നു മാത്രമാണ് അറിയാനുള്ളത്.ഫല പ്രഖ്യാപനം പൂര്‍ത്തിയാകും മുന്‍പ് തന്നെ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന പ്രശ്‌നമില്ലന്നൊണ് ജെ.ഡി.യു തുറന്നടിച്ചിരിക്കുന്നത്. ചിരാഗ് പസ്വാന്റെ എല്‍.ജി.പിയുടെ സാന്നിധ്യം ജെ.ഡി.യുവിന്റെ സീറ്റുകളെയാണ് ബാധിച്ചിരിക്കുന്നത്. ഇതിലുള്ള അരിശം മുഖ്യമന്ത്രി നിതീഷ് കുമാറിന് ഉള്‍പ്പെടെ ബി.ജെ.പി കേന്ദ്രനേതൃത്വത്തോടുണ്ട്. ചിരാഗിനെ കൊണ്ട് ഈ കളിയൊക്കെ കളിപ്പിച്ചത് മോദിയും അമിത് ഷായും ആണെന്നാണ് നിതീഷ് കുമാര്‍ ഉറച്ച് വിശ്വസിക്കുന്നത്. മോദിയുടെ ഹനുമാനാണ് താനെന്ന് പറഞ്ഞാണ് ചിരാഗ് പ്രചരണം നടത്തിയത്.

ബി.ജെ.പിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെയാണ് എല്‍.ജെ.പി ജെ.ഡി.യുവിനെതിരെ മത്സരിച്ചിരുന്നത്. ഈ മണ്ഡലങ്ങളില്‍ ബി.ജെ.പി വോട്ടുകളില്‍ ഒരു വിഭാഗവും എല്‍.ജെ.പിയുടെ പെട്ടിയില്‍ എത്തിയിട്ടുണ്ട്. സീറ്റുകള്‍ ഒന്നു മാത്രമാണ് ലഭിച്ചതെങ്കിലും ചിരാഗിന്റെ പാര്‍ട്ടിയുടെ വോട്ടിംങ് ശതമാനം വര്‍ദ്ധിക്കാന്‍ ഇതാണ് കാരണം. ഇക്കാര്യങ്ങളെല്ലാം കൃത്യമായി വിലയിരുത്തിയ ശേഷം യുക്തമായ മറുപടി നല്‍കാനാണ് നിതീഷ് കുമാര്‍ ആഗ്രഹിക്കുന്നത്. എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ ബി.ജെ.പി വലിയേട്ടന്‍ മനോഭാവം കാണിച്ചാല്‍ മഹാസഖ്യത്തിന്റെ പിന്തുണയോടെ സര്‍ക്കാര്‍ ഉണ്ടാക്കാനും നിതീഷ് മടിക്കുകയില്ല. അതായത് ഇപ്പോള്‍ എന്‍.ഡി.എ മുഖ്യമന്ത്രിയായി അധികാരമേറ്റാലും അതിന് അധികകാലം ആയുസ്സുണ്ടാകില്ലന്ന് വ്യക്തം. ആര്‍.ജെ.ഡി നേതാവ് തേജ്വസി യാഥവും വലിയ സമ്മര്‍ദ്ദത്തിലാണ്. അധികാരമില്ലാത്ത ഒരു അഞ്ചു വര്‍ഷം കൂടി തേജസ്വിയും ആഗ്രഹിക്കുന്നില്ല. നിതീഷ് കൈ കൊടുക്കാന്‍ ആഗ്രഹിച്ചാല്‍ തേജ്വസിയും പഴയ ഉടക്ക് മറക്കാനാണ് സാധ്യത.

തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ഇടതുപക്ഷവും കോണ്‍ഗ്രസ്സും ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഏത് അവസരവും ഉപയോഗിക്കും. അത്തരമൊരു സാഹചര്യത്തില്‍ ഇടതുപക്ഷം പുറത്ത് നിന്ന് സര്‍ക്കാറിനെ പിന്തുണയ്ക്കാനാണ് സാധ്യത. നിതീഷിനെ ഇപ്പോള്‍ മുഖ്യമന്ത്രിയായി അംഗീകരിച്ചാലും ബി.ജെ.പി ഇടപെടല്‍ മുന്നണിയെ തകര്‍ക്കുമെന്ന നിഗമനത്തിലാണ് ഇടതുപക്ഷം. കഴിഞ്ഞ സര്‍ക്കാറില്‍ ജെ.ഡി.യുവിനായിരുന്നു എന്‍.ഡി.എയില്‍ സീറ്റുകള്‍ കൂടുതല്‍. 2015ലെ 71 സീറ്റില്‍ നിന്ന് ജെ.ഡി.യു 43 സീറ്റിലേക്കാണ് താഴെക്ക് വീണിരിക്കുന്നത്. 53 സീറ്റില്‍ നിന്ന് ബി.ജെ.പിയുടെ സീറ്റുകള്‍ എഴുപതിന് മുകളിലേക്കും ഉയര്‍ന്നു കഴിഞ്ഞു. 29 സീറ്റില്‍ മത്സരിച്ച ഇടതുപക്ഷം 16 സീറ്റുകളിലാണ് വിജയിച്ചിരിക്കുന്നത്. ഇടതിന് നഷ്ടപ്പെട്ട പല സീറ്റുകളിലും എതിരാളികള്‍ക്ക് നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്. 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ്സിന് 19 സീറ്റില്‍ മാത്രമാണ് വിജയിക്കാനായിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ഈ ദയനീയ പരാജയമാണ് മഹാസഖ്യത്തിന് തിരിച്ചടിയായിരിക്കുന്നത്.

നാല് അംഗങ്ങള്‍ കൈവിട്ടാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ നിലംപൊത്തുമെന്നതിനാല്‍ ബി.ജെ.പി സഖ്യം വേണ്ടന്ന ആവശ്യം ജെ.ഡി.യുവില്‍ തന്നെ ഇപ്പോള്‍ ശക്തമായിട്ടുണ്ട്. ഇതിന് ശക്തി പകര്‍ന്ന് കോണ്‍ഗ്രസ്സ് തന്നെ നിതീഷ് എന്‍.ഡി.എയില്‍ നിന്നും പുറത്ത് വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ആകെ ആശയ കുഴപ്പത്തിലായ അവസ്ഥയിലാണിപ്പോള്‍ നിതീഷ് കുമാര്‍. ജെ.ഡി.യുവിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഉള്ളതിനാല്‍ മന്ത്രിമാരില്‍ വലിയ പ്രാതിനിധ്യമാണ് ബി.ജെ.പി അവകാശപ്പെടുന്നത്. 243 അംഗ നിയമസഭയില്‍ എന്‍.ഡി.എക്ക് 125 സീറ്റുകളാണ് ഉള്ളത്. 110 സീറ്റുകളാണ് മഹാസഖ്യം നേടിയത്. 75 സീറ്റുകള്‍ നേടിയ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. മുഖ്യമന്ത്രി പദം പങ്കിടണമെന്ന താല്‍പ്പര്യം ബീഹാറിലെ ബി.ജെ.പി നേതാക്കള്‍ക്കുണ്ട്. അവര്‍ തല്‍ക്കാലം അത് പരസ്യമാക്കിയിട്ടില്ലന്ന് മാത്രം. ഇതെല്ലാം മുന്നില്‍ കണ്ടാണ് ഒരു മുഴം മുന്‍പേ ജെ.ഡി.യു തന്നെ ഇപ്പോള്‍ എറിഞ്ഞിരിക്കുന്നത്.

മുഖ്യമന്ത്രി പദം പങ്കുവയ്ക്കാന്‍ ഇല്ലെന്ന് വ്യക്തമാക്കിയാല്‍ മാത്രമേ നിതീഷ് അധികാരം ഏറ്റെടുക്കൂ എന്ന് ജെ.ഡി.യു നേതൃത്വം തന്നെ ബി.ജെ.പി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരുറപ്പ് ബീഹാറിലെ ബി.ജെ.പി നേതാക്കള്‍ ദേശീയ നേതാക്കള്‍ക്ക് നല്‍കാന്‍ തയ്യാറായിട്ടില്ല. ഒറ്റയ്ക്ക് ഭരിക്കാന്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ബീഹാര്‍ രാഷ്ട്രീയം ഇനിയും കലങ്ങിമറിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. മഹാരാഷ്ട്ര മോഡലില്‍ ബീഹാറില്‍ ഭരണം പിടിയ്ക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിനും ഉള്ളത്. ഇതിന് ഇടതുപക്ഷം കൂടി മുന്‍കൈ എടുക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ്സ് നേതൃത്വം ഉയര്‍ത്തുന്നത്. കൂടുതല്‍ സീറ്റു വാങ്ങി ‘ചതിച്ചു’ എന്ന വികാരം ആര്‍.ജെ.ഡിക്കുള്ളതിനാല്‍ ബദല്‍ കരുനീക്കത്തിനുള്ള ശേഷി പോലും കോണ്‍ഗ്രസ്സിനിപ്പോള്‍ ബീഹാറിലില്ല. മഹാസഖ്യത്തിലെ സൂപ്പര്‍ ‘പവറായി ” ഇടതുപക്ഷമാണിപ്പോള്‍ മാറിയിരിക്കുന്നത്. അതുകൊണ്ടാണ് ഇടതു നിലപാടിനായി കോണ്‍ഗ്രസ്സും കാത്തിരിക്കുന്നത്.

ബി.ജെ.പിയെ അകറ്റി നിര്‍ത്താന്‍ നിതീഷ് കുമാര്‍ തീരുമാനിച്ചാല്‍ ബീഹാറിലെ രാഷ്ട്രീയ സമവാക്യമാണ് വീണ്ടും മാറി മറിയുകക. അത് എപ്പോള്‍ വേണമെങ്കിലും ഇനി സംഭവിക്കാം. ആര്‍.ജെ.ഡിയും ഇടതുപക്ഷവും കൂടി പച്ചക്കൊടി കാട്ടിയാല്‍ ബി.ജെ.പിയുടെ ബീഹാറിലെ സ്വപ്നങ്ങളാണ് തകരുക. കോണ്‍ഗ്രസ്സ് നേതാവ് ദ്വിഗ് വിജയ് സിംഗ് നിതീഷിനോട് എന്‍.ഡി.എ വിട്ടു വരാന്‍ പരസ്യമായാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗോവയിലും കര്‍ണാടകയിലും മധ്യപ്രദേശിലും കാലുമാറ്റി ഭരണം പിടിച്ച ബി.ജെ.പി രാഷ്ട്രീയത്തിന് മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയെ അടര്‍ത്തിയെടുത്താണ് കോണ്‍ഗ്രസ് തിരിച്ചടി നല്‍കിയിരുന്നത്. ബീഹാറില്‍ രാഹുല്‍ ഗാന്ധിയും സമാന സാഹചര്യമാണ് ആഗ്രഹിക്കുന്നത്. മഹാരാഷ്ട്രയില്‍ ബി.ജെ.പി -ശിവസേന സഖ്യവും കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യവും തമ്മില്‍ നേരിട്ടായിരുന്നു മത്സരം.

288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയില്‍ ബി.ജെ.പിക്ക് 105 സീറ്റുകളും, ശിവസേനക്ക് 56 സീറ്റുകളുമായിരുന്നു ഉണ്ടായിരുന്നത്. എന്‍.സി.പി 54 സീറ്റിലും കോണ്‍ഗ്രസ് 44 സീറ്റിലും വിജയിക്കുകയുണ്ടായി. ശിവസേന രണ്ടര വര്‍ഷം മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും ബി.ജെ.പി അത് നല്‍കാന്‍ തയ്യാറായിരുന്നില്ല. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പാലംവലിച്ചെന്ന ആരോപണവും പിന്നീട് ശിവസേന ഉയര്‍ത്തുകയുണ്ടായി. ഇതോടെയാണ് കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനക്ക് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്ത് സഖ്യനീക്കം നടത്തിയിരുന്നത്. അജിത് പവാറിനെ അടര്‍ത്തിയെടുത്ത് എന്‍.സി.പിയെ പിളര്‍ത്തി ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടാക്കിയെങ്കിലും അല്പായുസ് മാത്രമാണുണ്ടായിരുന്നത്. ശരത് പവാറിന്റെ ശക്തമായ നിലപാടിനു മുന്നില്‍ വിമതനീക്കം ഉപേക്ഷിച്ച അജിത് പവാര്‍ എന്‍.സി.പി പാളയത്തിലേക്ക് തിരിച്ചെത്തുകയാണുണ്ടായത്. ഇതോടെയാണ്, ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി ത്രികക്ഷി സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയത്.

ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാവുകയും ചെയ്തു. നരേന്ദ്രമോഡി സര്‍ക്കാരിനും ബി.ജെ.പി നേതൃത്വത്തിലും ലഭിച്ച സമീപ കാലത്തെ വലിയ പ്രഹരമായാണ് മഹാരാഷ്ട്ര വിലയിരുത്തപ്പെടുന്നത്. ത്രികക്ഷി മുന്നണി ഭരണത്തിനെതിരെ ബി.ജെ.പി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയല്ല ഉണ്ടായിരുന്നത്. ഇതിനു സമാനമായ സാഹചര്യമാണ് ബീഹാറിലും ഇപ്പോള്‍ നിലവിലുള്ളത്. മുറിവേറ്റ മനസ്സുമായാണ് നിതീഷ് കുമാര്‍ എന്‍.ഡി.എയില്‍ തുടരുന്നത്. 2015ല്‍ രാഹുല്‍ ഗാന്ധി മുന്‍കൈയ്യെടുത്താണ് ബദ്ധശത്രുവായ നിതീഷ് കുമാറിനെയും ലാലു പ്രസാദ് യാദവിനെയും ഒരുമിപ്പിച്ച് കോണ്‍ഗ്രസിനൊപ്പം മഹാസഖ്യമായി മത്സരിപ്പിച്ചിരുന്നത്. ഗുജറാത്ത് മുസ്ലിം വംശഹത്യയുടെ പേരില്‍ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തികാട്ടാനാവില്ലെന്ന നിലപാടെടുത്താണ് 2013ല്‍ നിതീഷ്‌കുമാര്‍ എന്‍.ഡി.എ സഖ്യം വിട്ടിരുന്നത്. എന്‍.ഡി.എ വിട്ട നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ 178 സീറ്റുമായാണ് മഹാസഖ്യം അധികാരത്തിലേറിയിരുന്നത്.

80 സീറ്റുമായി സഖ്യത്തിലെ വലിയ കക്ഷിയായ ആര്‍.ജെ.ഡി 71 സീറ്റു ലഭിച്ച നിതീഷ്‌കുമാറിനെ മുഖ്യമന്ത്രിയാവാന്‍ അനുവദിക്കുകയും ചെയ്യുകയുണ്ടായി. ലാലുവിന്റെ മകന്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായി അധികാരമേറ്റു. എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി ഇടഞ്ഞ് മഹാസഖ്യത്തില്‍ നിന്നും പിന്‍മാറിയ നിതീഷ് വീണ്ടും ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറുകയാണുണ്ടായത്. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ്‌കുമാര്‍ ബി.ജെ.പി പിന്തുണയില്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുശീല്‍കുമാര്‍ മോഡിയായിരുന്നു ഒപ്പം ഉപമുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നത്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് 2013ല്‍ എന്‍.ഡി.എ വിട്ട നിതീഷ് കുമാറുമായി നരേന്ദ്രമോഡി അന്നു മുതല്‍
നല്ല ബന്ധത്തിലല്ല.

2019ല്‍ പ്രധാനമന്ത്രി പദവിയില്‍ മോഡി രണ്ടാമൂഴം ഉറപ്പിച്ചപ്പോള്‍ ബീഹാറില്‍ മികച്ച മുന്നേറ്റമാണ് ജെ.ഡി.യു- ബി.ജെ.പി സഖ്യം നടത്തിയിരുന്നത്. 40-ല്‍ 39 സീറ്റുകളും എന്‍.ഡി.എയാണ് നേടിയിരുന്നത്. ഇതില്‍ 17 സീറ്റ് ജെ.ഡി.യുവും, 16 സീറ്റുകള്‍ ബി.ജെ.പിയും, 6 സീറ്റ് ലോക്ജനശക്തി പാര്‍ട്ടിക്കുമാണുണ്ടായിരുന്നത്. 6 സീറ്റ് നേടിയ ലോക്ജനശക്തിയുടെ രാം വിലാസ് പാസ്വാന് കേന്ദ്ര കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കിയ മോഡി 3 കേന്ദ്ര മന്ത്രിമാര്‍ വേണമെന്ന നിതീഷിന്റെ ആവശ്യം തള്ളിക്കളയുകയും ചെയ്തു. ഒരു മന്ത്രിയെ നല്‍കാമെന്ന വാഗ്ദാനമാണ് മോദി പകരം മുന്നോട്ട് വച്ചിരുന്നത്. ഇതില്‍ അപമാനിതനായ നിതീഷ്‌കുമാര്‍ ജെ.ഡി.യു കേന്ദ്ര മന്ത്രിസഭയില്‍ ചേരേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ആര്‍.ജെ.ഡി- കോണ്‍ഗ്രസ് സഖ്യത്തിലേക്കുള്ള വഴി അടഞ്ഞതോടെ നിവൃത്തിയില്ലാതെയാണിപ്പോള്‍ ബി.ജെ.പി സഖ്യമായി നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിച്ചിരിക്കുന്നത്.

സഖ്യത്തിലായപ്പോഴും ജെ.ഡി.യുവിന്റെ സീറ്റുകള്‍ കുറച്ച് വലിയ ഒറ്റകക്ഷിയാകാനുള്ള തന്ത്രമാണ് ബി.ജെ.പി പയറ്റിയിരിക്കുന്നത്. അതില്‍ അവരിപ്പോള്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇനി സര്‍ക്കാര്‍ രൂപീകരണമാണ്. തമ്മില്‍ തല്ലിന് വഴിമരുന്നിടാന്‍ പോകുന്നതും അവിടെയാണ്. ബി.ജെ.പി എത്രമാത്രം വിട്ടു വീഴ്ച ചെയ്യും എന്നതിനെ ആശ്രയിച്ചായിരിക്കും നിതീഷ് കുമാറും തുടര്‍ നിലപാടുകള്‍ സ്വീകരിക്കുക. അതിനായാണ് മഹാ സഖ്യവും ഇപ്പോള്‍ കാത്തിരിക്കുന്നത്.

Top