If Nayanar’s mind with pinarayi? kerala looking for Vs Opinion

കണ്ണൂര്‍: ജനനായകന്‍ ഇ കെ നയനാരുടെ ‘മനസ്’ തൊട്ടറിഞ്ഞ സഹധര്‍മ്മിണി ശാരദ ടീച്ചറുടെ വാക്കുകള്‍ക്ക് സിപിഎം അണികള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം.

ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പറഞ്ഞ ടീച്ചര്‍ പിണറായി മുഖ്യമന്ത്രിയായിട്ടു വേണം തനിക്ക് വീണ്ടും ക്ലിഫ്ഹൗസില്‍ കാലുകുത്താനെന്ന് വ്യക്തമാക്കിയിരുന്നു.

നയനാര്‍ മുഖ്യമന്ത്രിയായ ഘട്ടങ്ങളില്‍ ക്ലിഫ്ഹൗസിലെ സജീവസാന്നിധ്യമായിരുന്ന ശാരദ ടീച്ചര്‍ ഇത്തവണ പിണറായിക്കു വേണ്ടി വിഎസ് തന്നെ അവസരമൊരുക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മന്ത്രിപദം രാജിവയ്പിച്ച് പിണറായിയെ നിയോഗിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വിഎസ് മുഖ്യമന്ത്രി പദത്തിലേക്കും പിണറായിയുടെ പേര് നിര്‍ദ്ദേശിക്കണമെന്നാണ് ശാരദ ടീച്ചറുടെ ആഗ്രഹം. ജീവിച്ചിരുന്നപ്പോള്‍ പിണറായിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന നയനാര്‍ വിഎസിന്റെ പിന്‍ഗാമിയായി പിണറായി വരാനാണ് ആഗ്രഹിച്ചിരുന്നത്. വിഎസ് മുഖ്യമന്ത്രി പദത്തില്‍ ഒരു ടേം പൂര്‍ത്തിയാക്കി കഴിഞ്ഞതിനാല്‍ പുതിയ ടീമിനായി അദ്ദേഹം തന്നെ മുന്‍കൈ എടുത്ത് അവസരമൊരുക്കണമെന്നതാണ് നയനാരുടെ കുടുംബം ആഗ്രഹിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ഒരു ഭിന്നതയും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്ന സിപിഎം അണികളില്‍ ബഹുഭൂരിപക്ഷവും വിഎസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചാല്‍ അത് കേരളത്തിലെ ഇടത്പക്ഷ രാഷ്ട്രീയത്തിന് മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ്.

വൈദ്യുതി മന്ത്രിയെന്ന നിലയില്‍ എതിരാളികളുടെയടക്കം പ്രശംസ പിടിച്ച് പറ്റിയ പിണറായിക്ക് കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയും സജീവമാണ്.

മുഖ്യമന്ത്രിയെ സംബന്ധിച്ച് പാര്‍ട്ടിക്കും മുന്നണിക്കും ഭൂരിപക്ഷം ലഭിച്ചാല്‍ നേതൃത്വം തീരുമാനമെടുക്കുമെന്ന് പറഞ്ഞ വിഎസ് താന്‍ അധികാര കൊതിയനെന്ന ‘പട്ടം’ ആരും ചാര്‍ത്തി നല്‍കാന്‍ ആഗ്രഹിക്കാത്തതിനാല്‍ സിപിഎം നേതൃത്വത്തിന്റെ തീരുമാനം എന്തായാലും അത് അംഗീകരിച്ച് മാത്രം മുന്നോട്ട് നീങ്ങാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന സൂചന.

പിണറായിയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഎസ് തന്നെ നിര്‍ദ്ദേശിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് സിപിഎം നേതൃത്വവും ചൂണ്ടിക്കാട്ടുന്നത്.

കേരളത്തില്‍ ഇന്ന് മറ്റാരേക്കാളും ജനസ്വാധീനം വന്‍തോതിലുള്ള വിഎസ് വീണ്ടും മുഖ്യമന്ത്രിയാവണമെന്ന ആവശ്യം പൊതുസമൂഹത്തിനിടയില്‍ ശക്തമാണെങ്കിലും ഒടുവില്‍ പാര്‍ട്ടി താല്‍പര്യം കൂടി പരിഗണിച്ച നിലപാടായിരിക്കും അദ്ദേഹം സ്വീകരിക്കുക എന്നാണ് പറയപ്പെടുന്നത്.

ഇടതുമുന്നണിക്ക് ഭരണം ലഭിച്ചാല്‍ ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷം വിഎസും പിന്നീട് പിണറായിയും മുഖ്യമന്ത്രിയാവുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ അഭ്യൂഹവും പുറത്ത് വരുന്നത്.

Top