‘എന്റെ ജിലേബിയാണ് മലിനീകരണത്തിന് കാരണമാകുന്നതെങ്കില്‍ ഞാന്‍ അത് ഒഴിവാക്കാം’; ഗംഭീര്‍

ന്യൂഡല്‍ഹി: എന്റെ ജിലേബിയാണ് മലിനീകരണത്തിന് കാരണമാകുന്നതെങ്കില്‍ ഞാന്‍ അത് ഒഴിവാക്കാംമെന്ന് മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. ഡല്‍ഹിയിലെ വായു മലിനീകരണം ചര്‍ച്ച ചെയ്യാന്‍ നഗരവികസന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഈ മാസം 15ന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കാതെ ഒരു സ്‌പോര്‍ട്‌സ് ചാനലിനുവേണ്ടി കമന്ററി പറയാന്‍ പോയതില്‍ വിമര്‍ശനം നേരിടുന്നതിനിടെയാണ് ഗൗതം ഗംഭീറിന്റെ ഈ പ്രതികരണം.

ഉന്നതല യോഗത്തില്‍ പങ്കെടുക്കാതെ ഗംഭീര്‍ കൂട്ടുകാര്‍ക്കൊത്ത് ജിലേബി കഴിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുന്‍ ക്രിക്കറ്റര്‍ വിവിഎസ് ലക്ഷ്മണനൊപ്പം ജിലേബി കഴിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയിലെത്തിയത്. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്.

ഇതിനെതിരെ വിമര്‍ശനവുമായി ആംആദ്മി പാര്‍ട്ടിയും രംഗത്ത് വന്നിരുന്നു. ജനങ്ങള്‍ ശ്വാസം മുട്ടുമ്പോള്‍ അവരുടെ എംപി ജിലേബി ആസ്വദിക്കുന്നുവെന്നായിരുന്നു ആംആദ്മി പാര്‍ട്ടി ആരോപിച്ചത്. എംപിയുടെ നിരുത്തരവാദിത്തത്തിന് ഉദാഹരണമാണ് ഇതെന്നും എഎപി കുറ്റപ്പെടുത്തിയിരുന്നു. പ്രവര്‍ത്തനങ്ങളിലൂടെയാണ് ജനങ്ങള്‍ വിലയിരുന്നതെന്നും അല്ലാതെ പ്രാചരണങ്ങളിലൂടെയല്ലെന്നുമാണ് ആംആദ്മി പാര്‍ട്ടിയുടെ വിമര്‍സനങ്ങളോട് ഗംഭീര്‍ പ്രതികരിച്ചത്.

ഗംഭീര്‍ കൂട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ മുന്‍ ഇന്ത്യന്‍ താരം വി വി എസ് ലക്ഷ്മണ്‍ പുറത്തുവിട്ടതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

അതേസമയം ഗംഭീറിനെ കാണ്‍മാനില്ലെന്ന തലക്കെട്ടില്‍ രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. ഗംഭീറിന്റെ ചിത്രമുള്‍പ്പടെയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

Top