എം.വി ഗോവിന്ദൻ എം.എൽ.എ സ്ഥാനം രാജിവച്ചാൽ പകരം ജയരാജനോ ?

രാഷ്ട്രീയം സാധ്യതയുടെ ‘കലയാണ്’ അതു കൊണ്ടു തന്നെ ഒരു സാധ്യതയും തള്ളിക്കളയാനും കഴിയുകയില്ല. കോടിയേരി ബാലകൃഷ്ണനു പകരക്കാരനായി എം.വി ഗോവിന്ദന്‍ വന്നത് തികച്ചും അപ്രതീക്ഷിതമായാണ്. പാര്‍ട്ടി പദവിയിലെ സീനിയോററ്റി മാനദണ്ഡമാക്കുകയാണെങ്കില്‍, കോടിയേരിക്ക് പിന്‍ഗാമി ആകേണ്ടിയിരുന്നത് പി.ബി അംഗങ്ങളായ എം.എ ബേബിയും എ വിജയരാഘവനും ആയിരുന്നു.എന്നാല്‍, സി.പി.എം നേതൃതല യോഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത് എം.വി ഗോവിന്ദന്‍ മാസ്റ്ററാണ്.

പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഗോവിന്ദന്‍ മാസ്റ്റര്‍ മന്ത്രി സ്ഥാനം ഉടന്‍ രാജിവയ്ക്കും. എം.എല്‍.എ സ്ഥാനം രാജിവയ്ക്കണോ എന്നത് സംബന്ധിച്ചും, പലതരം അഭ്യൂഹങ്ങളാണ് ഉയരുന്നത്.

കെ.പി.സി.സി അദ്ധ്യക്ഷനും എം.എല്‍.എയും ആയി ഒരേ സമയം പ്രവര്‍ത്തിച്ച പാരമ്പര്യം രമേശ് ചെന്നിത്തലയ്ക്ക് ഉള്ളതിനാല്‍ ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ആയി തുടരുമെന്ന് തന്നെയാണ് ഒരു വിഭാഗം പ്രതീക്ഷിക്കുന്നത്. എന്നാല്‍, പാര്‍ട്ടി സി.പി.എം ആയതിനാല്‍ അതിന് സാധ്യതയില്ലന്നും കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയെ അതും ശക്തമായ കേഡര്‍ പാര്‍ട്ടിയെ നയിക്കാന്‍, എം.എല്‍.എ സ്ഥാനം ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് തടസ്സമാകുമെന്നാണ് മറുവിഭാഗം പറയുന്നത്. രണ്ടായാലും ഇക്കാര്യത്തിലും സി.പി.എം തീരുമാനം ഉടന്‍ ഉണ്ടാകും. സി.പി.എമ്മിന്റെ ഉരുക്കു കോട്ടയായ തളിപ്പറമ്പില്‍ നിന്നാണ് ഗോവിന്ദന്‍ മാസ്റ്റര്‍ വന്‍ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ഇവിടെ എപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാലും വിജയിക്കാന്‍ പോകുന്നതും ഇടതുപക്ഷം തന്നെ ആയിരിക്കും. രാഷ്ട്രീയ എതിരാളികള്‍ക്കു പോലും ഇക്കാര്യത്തില്‍ മറിച്ചൊരു അഭിപ്രായമുണ്ടാകാന്‍ സാധ്യതയില്ല.

തിരഞ്ഞെടുപ്പിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ തളിപ്പറമ്പില്‍ ആരു മത്സരിക്കുമെന്നതും പ്രസക്തമായ ചോദ്യമാണ്. പ്രഗല്‍ഭരായ നേതാക്കളാല്‍ സമ്പന്നമായ പാര്‍ട്ടിയാണ് കണ്ണൂരിലെ സി.പി.എം. അതു കൊണ്ടു തന്നെ മത്സരിക്കാന്‍ യോഗ്യരായവരുടെ ഒരു വലിയ പട്ടിക തന്നെ പാര്‍ട്ടിക്ക് മുന്നിലുണ്ടാകും.

എന്നാല്‍, രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത് മറ്റൊരു സാധ്യതയിലേക്കാണ്. അത് സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ പി.ജയരാജനെ അത്തരമൊരു സാഹചര്യത്തില്‍ സി.പി.എം പരിഗണിക്കുമോ എന്നതാണ്. ഇടതുപക്ഷ അണികള്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള പി.ജയരാജന്‍ നിലവില്‍ സംസ്ഥാന ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാണ്.

മുഖ്യമന്തിയും സി.പി.എം നേതൃത്വവും അനുകൂലമായ നിലപാട് സ്വീകരിച്ചാല്‍, ജയരാജനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയുന്നതല്ല. എന്നാല്‍, അതിനുള്ള സാധ്യത വളരെ കുറവു മാത്രമാണ്. ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കാനും ജയരാജനെ മത്സരിപ്പിക്കാനും സി.പി.എം ആലോചിച്ചാല്‍, കണ്ണൂരില്‍ നിന്നും മന്ത്രിയാകുന്നതും മുതിര്‍ന്ന നേതാവെന്ന നിലയില്‍ ജയരാജനായിരിക്കും. ഇത് ഒരു സാധ്യത എന്നതിനപ്പുറം ഗൗരവമായി രാഷ്ട്രീയ നിരീക്ഷകരും കാണുന്നില്ല. എന്നാല്‍ അത്തരമൊരു തീരുമാനത്തിലേക്ക് സി.പി.എം എത്തിയാല്‍ അത് വലിയ സംഭവമായാണ് മാറുക.

 

അതേസമയം, നിലവിലെ സാഹചര്യത്തില്‍ കണ്ണൂരില്‍ നിന്നും മന്ത്രി സ്ഥാനത്തേക്ക് ഏറെ സാധ്യത എ എന്‍ ഷംസീറിനു തന്നെയാണ്. ശൈലജ ടീച്ചര്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയാണെങ്കില്‍, അതേ പരിഗണന കടകംപള്ളി സുരേന്ദ്രന്‍, എം.എം മണി തുടങ്ങിയ നേതാക്കള്‍ക്കും നല്‍കേണ്ടി വരും. അത്തരമൊരു സാഹസ നിലപാടിലേക്ക് സി.പി.എം പോകാനുള്ള സാധ്യത വളരെ കുറവാണ്. ഡി.വൈ.എഫ്.ഐ – എസ്.എഫ്.ഐ നേതൃനിരയില്‍ പ്രവര്‍ത്തിച്ച ഷംസീറിന്, മികച്ച സംഘടനാ പാരമ്പര്യമാണ് അവകാശപ്പെടാനുള്ളത്. അതു തന്നെയാണ് അദ്ദേഹത്തിന്റെ സാധ്യതയും വര്‍ദ്ധിപ്പിക്കുന്നത്.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ മാറ്റുകയാണെങ്കില്‍, സ്പീക്കര്‍ എം.ബി രാജേഷ് മന്ത്രിസഭയില്‍ എത്തും.വി.ശിവന്‍കുട്ടി സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായാല്‍, വി ജോയ്, മുന്‍ മേയര്‍ വി.കെ പ്രശാന്ത്, ഐ.ബി സതീഷ് എന്നിവരെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചേക്കും.

 

Top