If mammootty got next national award

ചെന്നൈ : താര ചക്രവര്‍ത്തി അമിതാഭ് ബച്ചനെയും കമലാഹാസനെയും മോഹന്‍ലാലിനെയുമെല്ലാം കടത്തിവെട്ടി മമ്മൂട്ടി ഭരത് അവാര്‍ഡില്‍ ചരിത്രം സൃഷ്ടിക്കുമോ?

നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രം ചരിത്രത്തിന് വഴി തുറക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

നാഷണല്‍ അവാര്‍ഡ് ജേതാവും പ്രമുഖ സംവിധായകനുമായ റാം ആണ് മമ്മൂട്ടിക്ക് ഏറെ അഭിനയ സാധ്യതയുള്ള പുതിയ ചിത്രത്തിന്റെ സംവിധായകന്‍.

ജനുവരി ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന ഈ തമിഴ് സിനിമ തന്റെ കരിയറിലെ വഴിത്തിരിവായാണ് മമ്മൂട്ടിയും കാണുന്നത്.

നിലവില്‍ മൂന്ന് ദേശീയ അവാര്‍ഡുകളാണ് മമ്മൂട്ടിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. മതിലുകള്‍, വടക്കന്‍ വീരഗാഥ എന്നീ സിനിമകളിലെ അഭിനയത്തിന് 1989 ലും, പൊന്തന്‍മാട, വിധേയന്‍ എന്നീ ചിത്രങ്ങള്‍ക്ക് 1993 ലും, ഡോക്ടര്‍ ബാബാ സാഹിബ് അംബേദ്കറിലെ അഭിനയത്തിന് 1999 ലുമാണ് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ തേടി എത്തിയത്. ഇതില്‍ ബാബാ സാഹിബ് അംബേദ്കര്‍ ഇംഗ്ലീഷ് ചിത്രമാണ്.

രണ്ടു ഭാഷകളില്‍ അഭിനയിച്ച സിനിമകളിലും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വാങ്ങിയ രാജ്യത്തെ ഏകനടനും മമ്മൂട്ടിയാണ്. ഇനിയൊരു ദേശീയ അവാര്‍ഡ് പുതിയ തമിഴ് ചിത്രത്തിലെ അഭിനയത്തിന് ലഭിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത റിക്കാര്‍ഡ് ആയതുമാറും. കാരണം മികച്ച നടനുള്ള അവാര്‍ഡുകള്‍ നാലുതവണ അമിതാഭ് ബച്ചനോ, കമലാഹാസനോ മോഹല്‍ലാലിനോ ഇതുവരെ ലഭിച്ചിട്ടില്ല.

മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് 1991 -ല്‍ ഭരതത്തിനും 1999-ല്‍ വാനപ്രസ്ഥത്തിനുമാണ് ലഭിച്ചത്. 1989-ല്‍ കിരീടത്തിലെ അഭിനയത്തിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. 99-ലെ മികച്ച സിനിമക്കുള്ള അവാര്‍ഡും മോഹന്‍ലാലിനായിരുന്നു. അദ്ദേഹമായിരുന്നു വാനപ്രസ്ഥത്തിന്റെ നിര്‍മ്മാതാവ്.

അമിതാഭ്ബച്ചന് 1991-ല്‍ അഗ്നിപഥ് എന്ന സിനിമക്കും 2006-ല്‍ ബ്ലാക്ക്, 2010-ല്‍ ‘പാ’ എന്നിവക്കുമായി മൂന്ന് ദേശീയ അവാര്‍ഡുകളാണ് കൈമുതല്‍. 1969 ലെ പുതുമുഖ നടനുള്ള അവാര്‍ഡും അദ്ദേഹത്തിനായിരുന്നു.

സകലകലാ വല്ലഭന്‍ കമലാഹാസന് മികച്ച ബാലതാരത്തിനുള്‍പ്പെടെ നാല് ദേശീയ അവാര്‍ഡുകള്‍ കൈമുതലായുണ്ട് (1960, 1982, 1987, 1996).

മമ്മൂട്ടി ഒഴികെ മറ്റ് മൂന്ന് പേരും തങ്ങളുടെ സ്വന്തം മാതൃഭാഷയില്‍ അഭിനയിച്ച സിനിമകളില്‍ മാത്രമാണ് എല്ലാ ഭരത് അവാര്‍ഡുകളും വാങ്ങിക്കൂട്ടിയിരിക്കുന്നത്. മമ്മൂട്ടിക്ക് ലഭിച്ച മൂന്ന് അവാര്‍ഡുകളില്‍ ഡോ. ബാബാ സാഹിബ് അംബേദ്കര്‍, ഇംഗ്ലീഷ് – ഹിന്ദി ഭാഷകളിലായാണ് പുറത്തിറങ്ങിയിരുന്നത്.

മമ്മൂട്ടിയെ സംബന്ധിച്ച് അദ്ദേഹം നേരത്തെ അഭിനയിച്ച തമിഴ് സിനിമകളായ കണ്ട് കൊണ്ടേന്‍ കണ്ട് കൊണ്ടേന്‍, മറുമലര്‍ച്ചി, ദളപതി, അഴകന്‍, ആനന്ദം തുടങ്ങിയവയെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്.

പുതിയ ചിത്രത്തിന്റെ സംവിധായകന്‍ റാമിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത തങ്കമീന്‍കള്‍ കേവലം ഒരു അവാര്‍ഡ് പടമല്ല. സാമ്പത്തികമായും വന്‍ നേട്ടമുണ്ടാക്കിയ ചിത്രമാണ്.

മൂന്ന് ഭാഷകളില്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വാങ്ങുന്ന ഏക നടന്‍, ഏറ്റവും കൂടുതല്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയ നടന്‍ എന്നീ പദവികള്‍ മമ്മൂട്ടിയെ തേടിയെത്തുമോയെന്നറിയാന്‍ കാത്തിരിക്കുകയാണ് ചലച്ചിത്രലോകം.

Top