കേന്ദ്ര സർക്കാറിന്റെ ‘സ്വയംഭരണം’ കേരളം നടപ്പാക്കാൻ ശ്രമിച്ചാൽ. . .

സ്വയം ഭരണ കോളേജുകള്‍ എന്ന സങ്കല്‍പ്പം തന്നെ, വിദ്യാര്‍ത്ഥി വിരുദ്ധമാണ്. അക്കാദമിക് നിലവാരത്തെ ബാധിക്കുന്നതും സാമൂഹ്യനീതി അട്ടിമറിക്കുന്നതുമായ നീക്കം, ഏത് ഭാഗത്ത് നിന്നും ഉണ്ടായാലും അത് എതിര്‍ക്കപ്പെടേണ്ടതാണ്. സ്വയംഭരണ കോളേജുകളെ പോത്സാഹിപ്പിക്കുക എന്നത് കേന്ദ്ര സര്‍ക്കാര്‍ നയമാണ്. ആ നയത്തിന് കുടപിടിക്കേണ്ട ആവശ്യം കേരള സര്‍ക്കാറിനില്ല. ഇടതുപക്ഷത്തിന്റെ നയവും വ്യക്തമാണ്. വ്യാപകമായി സ്വയം ഭരണ കോളേജുകള്‍ കേരളത്തില്‍ ആരംഭിക്കുന്നത്, വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവല്‍ക്കരണത്തെയാണ് പോത്സാഹിപ്പിക്കുക.

സര്‍വ്വകലാശാലകളുടെ നിയന്ത്രണാധികാരത്തെയും, സ്വയം ഭരണാധികാരത്തെയും, സാരമായി തന്നെ ഇത് ബാധിക്കും. സ്വയം ഭരണം ഇല്ലാത്ത കാമ്പസുകളെ പോലും, ഇടിമുറികളാക്കാന്‍ ആഗ്രഹിക്കുന്ന മാനേജ്‌മെന്റുകളാണ് കേരളത്തിലുള്ളത്. ഇത്തരം സ്ഥാപനങ്ങള്‍ക്ക്, സ്വയംഭരണം നടത്താനുള്ള അവസരം ലഭിച്ചാലുള്ള അവസ്ഥയും, നാം മുന്‍കൂട്ടി കാണണം. ജിഷ്ണു പ്രണോയിയുടെ ചേതനയറ്റ ശരീരം ഇന്നും, ഈ കേരളത്തിന്റെ നൊമ്പരമാണ്.

ഇത്തരമൊരു സാഹചര്യത്തില്‍, പുതുതായി എങ്ങനെ മൂന്ന് കോളേജുകള്‍ക്ക് സ്വയം ഭരണ പദവി ലഭിച്ചു എന്നത്, അമ്പരപ്പിക്കുന്ന കാര്യമാണ്. ഈ കോളേജുകള്‍ക്ക് ആരാണ് എന്‍.ഒ.സി നല്‍കിയത് എന്ന കാര്യം, ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ.ടി ജലീലാണ് വ്യക്തമാക്കേണ്ടത്. തെരുവില്‍ ചിതറി തെറിച്ച, എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ചോര തുള്ളികളുടെ ഉല്‍പ്പന്നം കൂടിയാണ് ഈ സര്‍ക്കാര്‍, ഇക്കാര്യം മന്ത്രി ജലീലും മറന്ന് പോകരുത്.

മൂന്നു കോളേജുകള്‍ക്ക് സ്വയം ഭരണ പദവി നല്‍കിയ സാഹചര്യം, സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണമെന്ന് എസ്.എഫ്.ഐയും പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പറയാന്‍ ആ സംഘടനക്കുള്ള അവകാശത്തോളം മറ്റാര്‍ക്കും ഇടതുപക്ഷത്തുപോലുമില്ല. നിരവധി പ്രക്ഷോപങ്ങളാണ് സ്വയംഭരണാവകാശങ്ങള്‍ക്കെതിരെ, എസ്.എഫ്.ഐ നടത്തിയിരിക്കുന്നത്.

കേരളത്തില്‍ 3 സ്വാശ്രയ കോളേജുകള്‍ക്ക് സ്വയം ഭരണ പദവി നല്‍കുന്നതോടൊപ്പം, 12 എയ്ഡഡ് കോളേജുകള്‍ക്ക്, സ്വയംഭരണാധികാരം നല്‍കാനുള്ള നീക്കവുമാണ് അണിയറയില്‍ ഇപ്പോള്‍ നടക്കുന്നത്. 2013 ല്‍ ഉണ്ടായിരുന്ന യു.ജി.സി ഗൈഡ് ലൈന്‍, 2018ല്‍ റഗുലേഷനായി മാറ്റിയതിന്റെ പശ്ചാത്തലത്തിലാണ്, സംസ്ഥാന സര്‍ക്കാറുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും, നിയന്ത്രിക്കാനും ഇടപെടാനും സാധിക്കാത്ത വിധത്തില്‍, യു.ജി.സി നേരിട്ട് സ്വയംഭരണ പദവി നല്‍കുന്ന സ്ഥിതി രൂപപ്പെട്ടു വന്നിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായം എന്ത് തന്നെയാണെങ്കിലും, യു.ജി.സി യ്ക്ക് അവ പരിഗണിക്കാതെ സ്വയംഭരണ പദവി നല്‍കാനും വകുപ്പുണ്ട്. ഈ അവസ്ഥയാണ് 2018ലെ ഗൈഡ് ലൈന്‍ റഗുലേഷനായി യു.ജി.സി മാറ്റിയതോടെ നിലവില്‍ ഉണ്ടായിരിക്കുന്നത്. ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളി ആയി തന്നെ, ഇതിനെയും കാണണം. ഇത്തരം നീക്കങ്ങള്‍ക്ക്, കേന്ദ്രത്തിന് സഹായകരമായി മുന്‍പ് പ്രവര്‍ത്തിച്ചത്, ചില വലതുപക്ഷ സംസ്ഥാന സര്‍ക്കാറുകളാണ്.

കോളേജുകള്‍ക്ക് സ്വയംഭരണം എന്നത് നയമായി സ്വീകരിച്ച്, സര്‍വ്വകലാശാല നിയമ ഭേദഗതിയിലൂടെ, കേരളത്തിലെ 18 എയ്ഡഡ് കോളേജുകള്‍ക്കും, 1 ഗവണ്‍മെന്റ് കോളേജിനും സ്വയം ഭരണാവകാശം നല്‍കിയത്, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ്. എന്നാല്‍ ഇടത്പക്ഷ സര്‍ക്കാര്‍, ഒരു കോളേജിനും ഇത് വരെ സ്വയംഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചിട്ടില്ല.

ഇപ്പോള്‍ അംഗീകാരം ലഭിക്കപ്പെട്ട കോളേജുകള്‍പോലും, നേരിട്ട് യു.ജി.സി യെ സമീപിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതിനെ എതിര്‍ക്കുന്ന കാര്യത്തിലാണ് സംസ്ഥാന സര്‍ക്കാറിന് വീഴ്ച്ച പറ്റിയിരിക്കുന്നത്. യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന കോളേജുകളാണോ എന്ന് പരിശോധിക്കാന്‍, ചുമതലയേറ്റ സമിതിയിലേക്ക്, ഒരു സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെയും ഒരു സര്‍വ്വകലാശാല പ്രതിനിധിയെയും, നല്‍കുക എന്നത് മാത്രമായി, സര്‍ക്കാറിന്റെ അധികാരവും പരിമിതപ്പെട്ടിട്ടുണ്ട്. എങ്കിലും, സമിതിയിലേക്ക് പോയ സര്‍ക്കാര്‍ പ്രതിനിധികളുടെ അഭിപ്രായം എന്തായിരുന്നു എന്നത്, പ്രസക്തം തന്നെയാണ്. മന്ത്രി ജലീല്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം.

സംസ്ഥാന സര്‍ക്കാറും സര്‍വ്വകലാശാലയും നിര്‍ദ്ദേശിച്ച പ്രതിനിധികളുടെ അഭിപ്രായങ്ങള്‍, അനുകൂലമോ പ്രതികൂലമോ ആയാലും, അവ പരിഗണിക്കാതെ യു.ജി.സിക്ക് നേരിട്ട് സ്വയംഭരണാവാശം നല്‍കാവുന്ന ചട്ടവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. 2018ലെ യു.ജി.സി ഗൈഡ് ലൈന്‍, ഭേദഗതി ചെയ്ത് റഗുലേഷനാക്കിയതിലൂടെയാണ്, ഈ ജനാധിപത്യവിരുദ്ധ നയം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

മോദി സര്‍ക്കാര്‍ നടപ്പിലാക്കാനിരിക്കുന്ന, പുതിയ വിദ്യാഭ്യാസ നയത്തിന്റെ ചുവട് പിടിച്ചുകൊണ്ടാണ്, ഇത്തരത്തിലൊരു ഭേദഗതി യു. ജി.സി വരുത്തിയിട്ടുള്ളതെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. ഇത്, കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയത്തിലൂടെ വിഭാവനം ചെയ്യാനുദ്ദേശിക്കുന്ന, മുഴുവന്‍ കോളേജുകളും സ്വയം ഭരണമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണെന്നും, എസ്.എഫ്.ഐ തുറന്നടിച്ചിട്ടുണ്ട്. സ്വയം ഭരണ കോളേജുകള്‍, അനുവദിക്കുന്ന നടപടി ഏത് ഭാഗത്ത് നിന്നുണ്ടായാലും, ശക്തമായി എതിര്‍ക്കുമെന്നാണ് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷും, സെക്രട്ടറി കെ.എം സച്ചിന്‍ ദേവും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Top