തമിഴ്നാട്ടിനു പുറമെ കേരളത്തിലും കമൽ ഹാസൻ മത്സരിക്കാൻ തയ്യാറായാൽ , പരിഗണിക്കാൻ ഇടതുപക്ഷ നീക്കം ?

രാജ്യം മൊത്തം കാവിയണിയിക്കാൻ ഒരുങ്ങിയിറങ്ങിയ ബി.ജെ.പിക്ക് കാലിടറിയത് , പ്രധാനമായും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്. ഉത്തരേന്ത്യയിൽ, പ്രതിപക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാൾ , ബീഹാർ, ഒറീസ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ പോലും , കാവി രാഷ്ട്രീയത്തിന് , ശക്തമായ വേരോട്ടമുണ്ട്. 2019 -ലെ ലോകസഭ തിരഞ്ഞെടുപ്പ് ചിത്രം പരിശോധിച്ചാൽ തന്നെ , അക്കാര്യം വ്യക്തമാകുന്നതാണ്. എന്നാൽ, ദക്ഷിണേന്ത്യയിലെ സ്ഥിതി അതല്ല. കർണ്ണാടക ഒഴികെ മറ്റൊരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തും , ബി.ജെ.പി ഇന്നും പ്രധാന രാഷ്ട്രീയ ശക്തിയല്ല. കാവി രാഷ്ട്രീയത്തെ ഫലപ്രദമായി ചെറുത്തു നിർത്തുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ, കേരളവും തമിഴ്നാടുമാണ്.

കർണ്ണാടകയിൽ , ഇന്നും ശക്തമായ അടിത്തറയുള്ള പാർട്ടിയാണ് ബി.ജെ.പി. ഇപ്പോൾ ജെ.ഡി.എസുകൂടി ആ മുന്നണിയിലുണ്ട്. സംസ്ഥാന ഭരണം നഷ്ടമായെങ്കിലും , ലോകസഭ തിരഞ്ഞെടുപ്പിൽ , ബി.ജെ.പി തന്നെയാണ് കർണ്ണാടകയിൽ നേട്ടമുണ്ടാക്കുകയെന്നാണ് , രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. തെലങ്കാനയിൽ , നിയമസഭാ തിരഞ്ഞെടുപ്പിൽ 8 സീറ്റുകൾ നേടിയ ബി.ജെ.പി, ലോകസഭ തിരഞ്ഞെടുപ്പിൽ , ബി.ആർ.എസുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതയും ഏറെയാണ്. ആന്ധ്രയിൽ, ഭരണപക്ഷമായ വൈ.എസ്.ആർ കോൺഗ്രസ്സിനും , മുഖ്യ പ്രതിപക്ഷ പാർട്ടിയായ ടി.ഡി.പിയ്ക്കും… ഒരുപോലെ വേണ്ടപ്പെട്ട പാർട്ടിയാണ് ബി.ജെ.പി. മുൻപ് എൻ.ഡി.എ കൺവീനർ വരെ ആയി പ്രവർത്തിച്ച നേതാവാണ് , ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, അദ്ദേഹത്തിന്റെ ശത്രുവായ മുഖ്യമന്ത്രി ജഗൻ മോഹൻറെഡ്ഢിയാകട്ടെ, മോദിയുടെ അടുപ്പക്കാരനുമാണ്. കേന്ദ്ര സർക്കാറിന്റെ സുപ്രധാന ബില്ലുകൾ , രാജ്യസഭയിൽ പാസാക്കാൻ , ഒരുകൈ സഹായം നൽകിയ പാർട്ടി കൂടിയാണ് വൈ.എസ്.ആർ കോൺഗ്രസ്സ്. അതു കൊണ്ടു തന്നെ, 2024-ലെ ലോകസഭ തിരഞ്ഞെടുപ്പിൽ , ആന്ധ്രയിലും തെലങ്കാനയിലും , ബി.ജെ.പിക്ക് വലിയ പ്രതീക്ഷയാണുള്ളത്. 2019-ൽ തൂത്തുവാരിയ കർണ്ണാടകയും ചരിത്രം ആവർത്തിച്ചാൽ , ദക്ഷിണേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിലും , ബി.ജെ.പി അഗ്രഹിച്ച പിന്തുണ അവർക്ക് ലഭിക്കും.

എന്നാൽ , കേരളത്തിലെയും തമിഴ്നാട്ടിലെയും അവസ്ഥ അതല്ല. ഇവിടെ ബി.ജെ.പിയ്ക്ക് താമര വിരിയിക്കാൻ , ഇനിയും ഏറെ ദൂരം മുന്നോട്ടു പോകേണ്ടതുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമായി 59 പാർലമെന്റ് അംഗങ്ങളാണ് ഉള്ളത്. മുൻപ് അണ്ണാ ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി, പാർലമെന്റ് അംഗത്തെ വിജയിപ്പിക്കാൻ ബി.ജെ.പിക്കു കഴിഞ്ഞിരുന്നു. എന്നാൽ, നിലവിൽ അണ്ണാ ഡി.എം.കെയുടെ അവസ്ഥ തന്നെ പരിതാപകരമാണ്. ബി.ജെ.പി മുന്നണിവിട്ട് ഒറ്റയ്ക്കു മത്സരിക്കാനാണ് ആ പാർട്ടിയുടെ തീരുമാനം.

സൂപ്പർസ്റ്റാർ രജനീകാന്തിനെ ഒപ്പംകൂട്ടാനുള്ള നീക്കം പാളിയതോടെ, ഒറ്റയ്ക്കു മത്സരിക്കാനാണ് ബി.ജെ.പി തയ്യാറെടുക്കുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ, തമിഴ് നാട്ടിൽ പദയാത്ര നടത്തുന്നതും , ഒറ്റയ്ക്കു കരുത്ത് തെളിയിക്കുന്നതിനു വേണ്ടിയാണ്. പ്രതിപക്ഷം ഇങ്ങനെ ചിതറി മത്സരിക്കുന്നത് , ഡി.എം.കെ മുന്നണിക്കാണ് ഗുണം ചെയ്യുക. സി.പി.എമ്മും സി.പി.ഐയും കോൺഗ്രസ്സും ലീഗുമെല്ലാം , തമിഴ് നാട്ടിൽ ഡി.എം.കെ മുന്നണിയുടെ ഭാഗമാണ്. സി.പി.എമ്മിനും സി.പി.ഐയ്ക്കും രണ്ടു വീതം എം.പിമാരാണ് നിലവിൽ തമിഴകത്തുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പു മാതൃകയിൽ , ലോകസഭ തിരഞ്ഞെടുപ്പിലും , വലിയ വിജയം നേടാൻ കഴിയുമെന്നാണ് , ഡി.എം.കെ സഖ്യം പ്രതീക്ഷിക്കുന്നത്. കമൽഹാസന്റെ ‘മക്കൾ നീതിമയ്യം’ എന്ന പാർട്ടിയും , ഇത്തവണ ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കാനാണ് സാധ്യത. കമൽ കോയമ്പത്തൂരിൽ മത്സരിക്കാനാണ് താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. നിലവിൽ അത് സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായതിനാൽ, സി.പി.എമ്മുമായി ആലോചിക്കാതെ , സീറ്റ് വിഭജനം സാധ്യമാകുകയില്ല.

സി.പി.എം നേതാക്കളുമായി ഏറെ അടുപ്പമുള്ള കമൽഹാസന് പകരം , മറ്റൊരു സീറ്റ് നൽകാൻ , സി.പി.എം തന്നെ ആവശ്യപ്പെട്ടേക്കും , അതല്ലങ്കിൽ , ഉറച്ച മറ്റൊരു സീറ്റ് ഡി.എം. കെ വിട്ടു നൽകിയാൽ , സി.പി.എം വിട്ടുവീഴ്ച ചെയ്യാനും സാധ്യത ഏറെയാണ്. കമ്യൂണിസ്റ്റ് ആശയങ്ങളെ, പരസ്യമായി പിന്തുണയ്ക്കുന്ന കമൽഹാസൻ , എന്നും സംഘപരിവാറിന്റെ കണ്ണിലെ കരടാണ്. ബി.ജെ.പിയ്ക്കും മോദിക്കും എതിരെ , രാജ്യത്തു തന്നെ ഏറ്റവും ശക്തമായി നിരന്തരം പ്രതികരിക്കാറുള്ള ഒരു സെലിബ്രിറ്റി , കമൽഹാസൻ മാത്രമാണ്. മറ്റുതാരങ്ങളെ പോലെ , കയ്യടി കിട്ടാനോ , വാർത്താ താരം ആകാനോ അല്ല , മറിച്ച് …പ്രത്യയ ശാസ്ത്രപരമായ എതിർപ്പാണ് , കമൽ പ്രകടിപ്പിക്കാറുള്ളത്. കമലഹാസന്റെ ഈ നിലപാടിന് , കേരള മുഖ്യമന്ത്രി പിണറായി വിജയൻ വലിയ പിന്തുണയാണ് നൽകി വന്നിരുന്നത്.

തമിഴകത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം മുൻ നിർത്തി, ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ കമൽ ആലോചിച്ചപ്പോൾ , അതു സംബന്ധമായി അദ്ദേഹം ആദ്യം ചർച്ച നടത്തിയതും , പിണറായി വിജയനോടാണ്. ഇക്കാര്യം , കമൽ തന്നെ മുൻപ് തുറന്നു പറഞ്ഞിട്ടുളളതാണ്. കമലിനെ പോലെ ഉയർന്ന ബോധമുള്ള ഒരാൾ , പാർലമെന്റിൽ ഉണ്ടാകണമെന്നു തന്നെയാണ് , പിണറായി ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ ആഗ്രഹിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ , ഒരാൾക്ക് ഒന്നിൽ കൂടുതൽ മണ്ഡലത്തിൽ മത്സരിക്കാമെന്നിരിക്കെ, തമിഴ്നാടിനു പുറമെ, തിരുവനന്തപുരത്ത് മത്സരിക്കാൻ കമൽ തയ്യാറായാൽ , അദ്ദേഹത്തിന് പിന്തുണ നൽകുന്ന കാര്യം , സി.പി.എമ്മും സി.പി.ഐയും പരിഗണിക്കുമെന്നാണ് ലഭിക്കുന്ന സൂചന. നിലവിൽ ഇടതുപക്ഷത്ത് , സി.പി.ഐ മത്സരിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. തൃശൂരിനു പുറമെ, ഉറപ്പായും അട്ടിമറി വിജയം നേടുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ഇതിനായി കേന്ദ്ര നേതാവിനെ തന്നെ കാവിപ്പട രംഗത്തിറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മണ്ഡലത്തിൽ , കമൽഹാസൻ എതിർ സ്ഥാനാർത്ഥിയായാൽ , കനത്ത പോരാട്ടം തന്നെയാണ് നടക്കുക. സിറ്റിംഗ് എം.പിയായ ശശി തരൂർ തന്നെയാകും ഇത്തവണയും യു.ഡി.എഫ് സ്ഥാനാർത്ഥിയെന്നതും ഉറപ്പാണ്.

രാഹുൽ ഗാന്ധി ‘ഇഫക്ടിൽ ‘കഴിഞ്ഞ തിരഞ്ഞെടുപ്പിൽ , 99,989 വോട്ടിനാണ് തരൂർ വിജയിച്ചിരുന്നത്. ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയിരുന്നത്. അതായത്, ഒരു ലക്ഷത്തിന് 11 വോട്ടിന്റെ കുറവ്. 2014നേക്കാൾ, 1,33,139 വോട്ടുകളാണ് 2019 -ൽ കൂടുതലായി പോൾ ചെയ്തിരിക്കുന്നത്. 2014ൽ, 87,0647 വോട്ടുകൾ പോൾ ചെയ്തപ്പോൾ, 2019ൽ ഇത് 10,03,786 ആയാണ് വർദ്ധിച്ചിരുന്നത്. ഈ വർധിച്ച വോട്ടിന്റെ നേട്ടം കൂടുതലും ലഭിച്ചതും, ശശി തരൂരിനു തന്നെയാണ്. 2014-ൽ , ആകെ 2,97,806 വോട്ട് നേടിയ തരൂരിന്, 2019-ൽ 4,16,131 വോട്ടുകളാണ് ലഭിച്ചത്. അതുപോലെ ബി‌ജെപിക്കും, 2014 -നേക്കാൾ 31,000ത്തിലേറെ വോട്ടിന്റെ വർധനവുണ്ടായിട്ടുണ്ട്. എന്നാൽ ഇടതുപക്ഷത്തിന് , 2019 -ൽ , വെറും 7,500 ഓളം വോട്ടിന്റെ വർധന മാത്രമാണുണ്ടായിട്ടുള്ളത്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാകപിഴവാണ് , യഥാർത്ഥത്തിൽ, ഇടതുപക്ഷത്തിന് തിരിച്ചടിയായിരിക്കുന്നത്. ഈ ന്യൂനത മറികടക്കാൻ പറ്റിയ സ്ഥാനാർത്ഥിയെയാണ് , ഇടതുപക്ഷം… തലസ്ഥാനത്ത് തേടുന്നത്.

കേരളത്തിൽ ശക്തമായ ആരാധകരുള്ള കമൽഹാസൻ, തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യാറായാൽ , മത്സരത്തിന്റെ സ്വഭാവം തന്നെ മാറുമെന്ന കാര്യത്തിൽ, രാഷ്ട്രീയ നിരീക്ഷകർക്കു പോലും തർക്കമില്ല. ശശി തരൂരിന് അനുകൂലമായി ലഭിച്ചു കൊണ്ടിരുന്ന മുസ്ലീംവോട്ടുകളിൽ നല്ലൊരു വിഭാഗവും, ഇത്തവണ എന്തായാലും , അദ്ദേഹത്തിന് ലഭിക്കാനുള സാധ്യതയും കുറവാണ്. ഒരേസമയം മുന്നോക്ക വോട്ടുകളും , ന്യൂനപക്ഷ – പിന്നോക്ക വോട്ടുകളും, സമാഹരിക്കാൻ ശേഷിയുള്ള താരമാണ് കമൽഹാസൻ എന്നതും , അദ്ദേഹത്തിന്റെ പേര് , ഇടതുകേന്ദ്രങ്ങളിൽ സജീവമാക്കി നിർത്തുന്നതിൽ പ്രധാന ഘടകമാണ്.

മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി , വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ , സ്ഥാനാർഥി നിർണ്ണയം , കരുതലോടെ നടത്താനാണ് , ഇടതുപക്ഷ നീക്കം. ഇക്കാര്യത്തിൽ പിടിവാശിയല്ല , വിജയ സാധ്യതയ്ക്കാണ് പ്രഥമ പരിഗണനയെന്നാണ് , സി.പി.എമ്മും സി.പി.ഐയും പറയുന്നത്. ഇരു കമ്യൂണിസ്റ്റു പാർട്ടികൾക്കും പുറമെ , കേരള കോൺഗ്രസ്സിനു മാത്രമാണ് , ഇടതുപക്ഷത്ത് സീറ്റുകൾ നൽകുക. കോട്ടയം സീറ്റാണ് , ഇത്തവണ കേരള കോൺഗ്രസ്സിനു വിട്ടു നൽകുക. നാല് സീറ്റുകളിൽ സി.പി.ഐയും ബാക്കിയുള്ള 15 സീറ്റുകളിലും സി.പി.എമ്മും മത്സരിക്കും. 2019-ലെ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിൽ ഒതുങ്ങിയ ഇടതുപക്ഷം, ഇത്തവണ 20-ൽ , 15-ൽ കുറയാത്ത സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. മത്സരം കടുപ്പമാകുമെന്ന് തിരിച്ചറിഞ്ഞതോടെ, കോൺഗ്രസ്സും ലീഗും , കഴിഞ്ഞ തവണ നേടിയ സീറ്റുകൾ നിലനിർത്താൻ , സകല ശക്തിയും സമാഹരിച്ചാണ് രംഗത്തിറങ്ങിയിരിക്കുന്നത്. സിറ്റിങ് എം.പിമാരെല്ലാം തന്നെ, ഇതുവരെ തിരിഞ്ഞു നോക്കാതിരുന്ന സ്ഥലങ്ങളിൽ പോലും , തമ്പടിക്കുന്ന കാഴ്ചയാണ് കാണുന്നത്. നവകേരള സദസ്സ് , ഇടതുപക്ഷത്തിന് നേട്ടമാകുമെന്ന് ഭയന്ന് , ബദൽ പരിപാടികൾക്കാണ് , യു.ഡി.എഫും ബി.ജെ.പിയും രൂപം കൊടുത്തിരിക്കുന്നത്. കുറ്റവിചാരണയാണ് യു.ഡി.എഫിന്റെ പ്രധാന പരിപാടി. സംസ്ഥാനതല പര്യടനവും യു.ഡി.എഫ് പ്ലാൻ ചെയ്തിട്ടുണ്ട്.

ബിജെപിയും , റോഡ് ഷോയുമായി രംഗത്തിറങ്ങുന്നുണ്ട്. ജനുവരി ആദ്യവാരത്തോടെ, ഇരുപത് ലോക്സഭാ മണ്ഡലങ്ങൾ ചുറ്റിയുള്ള കേരളയാത്രയ്ക്കാണ് , ബി.ജെ.പി പ്ലാൻ ചെയ്തിരിക്കുന്നത്. ക്രിസ്ത്യൻ സഭകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി, ഡിസംബറിൽ ഭവന സന്ദർശനങ്ങൾക്കും പാർട്ടി നേതൃത്വം ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടായ വിജയത്തിൻറെ തിളക്കം, കേരളത്തിലും രാഷ്ട്രീയമായി പ്രതിഫലിക്കുമെന്ന് , ബിജെപി നേതൃത്വം പ്രതീക്ഷിക്കുമ്പോൾ , ബി.ജെ.പിക്ക് നിയമസഭയിൽ ഉണ്ടായിരുന്ന അക്കൗണ്ടും പൂട്ടിച്ച ആത്മവിശ്വാസത്തിലാണ് , ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്.

EXPRESS KERALA VIEW

Top