കോൺഗ്രസ്സിനു പകരം തിപ്രമോതയാണ് കൂട്ടെങ്കിൽ, ത്രിപുരയിൽ ഇടതുപക്ഷം തന്നെ ഭരിക്കുമായിരുന്നു !

ത്രിപുരയിലെ ഇടതുപക്ഷത്തിന്റെ തോൽവിക്ക് പ്രധാന കാരണം പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചതു മാത്രമല്ല കോൺഗ്രസ്സുമായി ഉണ്ടാക്കിയ സഖ്യവും തിരിച്ചടിക്ക് പ്രധാന കാരണമാണ്. വിശ്വാസ്യത നഷ്ടപ്പെട്ട കോൺഗ്രസ്സുമായി ഇടതുപക്ഷം കൂട്ട് കൂടിയതു തന്നെ ചരിത്രപരമായ മണ്ടത്തരമാണ്. ശക്തമായ ഭരണവിരുദ്ധ വികാരം നിലനിന്നിരുന്ന ത്രിപുരയില്‍ ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചത് തിപ്രമോതയാണ്. യഥാർത്ഥത്തിൽ ഇവർ ബി.ജെ.പിയെയാണ് സഹായിച്ചിരിക്കുന്നത്. ഗിരിവര്‍ഗ്ഗ മേഖലയില്‍ അടക്കം തിപ്രമോത നടത്തിയ അപ്രതീക്ഷിത മുന്നേറ്റം ബിജെപിയുടെ മുന്നേറ്റത്തില്‍ നിര്‍ണ്ണായക ഘടകമായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ബിജെപി – 32 സീറ്റുകൾ നേടിയപ്പോൾ സി.പി.എം നേടിയത് 11 സീറ്റുകളാണ്. കോൺഗ്രസ്സിന് 3 സീറ്റുകൾ ലഭിച്ചപ്പോൾ തിപ്രമോതയ്ക്ക് 13 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. ത്രിപുര വിജയത്തിൽ അഹങ്കരിക്കുന്ന ബി.ജെ.പിക്കാർ പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചില്ലായിരുന്നു എങ്കിൽ ത്രിപുരയിൽ ബി.ജെ.പി ഭരണത്തിന് അന്ത്യമാകുമായിരുന്നു എന്ന യാഥാർത്ഥ്യവും ഓർക്കുന്നത് നല്ലതാണ്.

ബി.ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുകയും അവര്‍ക്ക് അധികാര പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്ന പ്രാദേശിക പ്രതിഭാസങ്ങളാണ് എക്കാലത്തും ബി ജെ പിയുടെ കരുത്തായി മാറിയിരുന്നത്. ആ ചരിത്രം തന്നെയാണ് ത്രിപുരയിലും ഇപ്പോൾ ആവർത്തിച്ചിരിക്കുന്നത്. മതേതര ബദലിന്റെ ശക്തി ചോര്‍ത്തി ബി ജെ പിക്ക് അധികാരം ഉറപ്പാക്കിയ പാർട്ടിയായാണ് ചരിത്രത്തിൽ തിപ്രമോത ഇനി വിലയിരുത്തപ്പെടുക. 2019-ൽ ആണ് പ്രത്യോത് ദേബ് മാണിക്യ ബര്‍മ എന്ന യുവനേതാവിനെ കോൺഗ്രസ്സ് ത്രിപുരയിൽ ഉയർത്തി കാട്ടിയിരുന്നത്. ത്രിപുര മാണിക്യ രാജകുടുംബാംഗമായ ഇദ്ദേഹമാണ് തിപ്രമോത എന്ന രാഷ്ട്രീയ പാർട്ടിയിലൂടെ ത്രിപുരയിലെ യഥാർത്ഥ ജനതാൽപ്പര്യം ഇപ്പോൾ അട്ടിമറിച്ചിരിക്കുന്നത്.

അവസാന രാജാവായിരുന്ന ബിക്രം കിഷോര്‍ മാണിക്യ ദേബ് ബര്‍മയുടെ മകനെന്ന നിലയില്‍ രാജകുടുംബത്തിന്റെ തലവനും പ്രത്യോത് ദേബ് ബര്‍മനാണ്. ഇദ്ദേഹത്തിന്റെ പിതാവ് മൂന്ന് തവണ കോണ്‍ഗ്രസ് എം പി ആയിരുന്നപ്പോൾ മാതാവ് ബിഭുകുമാരി രണ്ട് തവണ കോണ്‍ഗ്രസ് എം എല്‍ എയും ഒരുതവണ ത്രിപുരയിലെ റവന്യു മന്ത്രിയും ആയി പ്രവർത്തിച്ചിട്ടുണ്ട്. മാതാപിതാക്കൾ സഞ്ചരിച്ച രാഷ്ട്രീയ പാതയിൽ നിന്നും മാറി നടക്കാൻ പ്രത്യോത് ദേബ് ബര്‍മയെ പ്രേരിപ്പിച്ചത് കോൺഗ്രസ്സ് നേതൃത്വത്തിന്റെ കഴിവു കേടുകൊണ്ടാണ്.

നേതാക്കൾക്കും അണികൾക്കും രാഷ്ട്രീയ ബോധവും സംഘടനാ ബോധവും നൽകാതെ നേതാക്കൾക്ക് തോന്നിയ പോലെ പ്രവർത്തിക്കാൻ വഴി ഒരുക്കുന്ന കോൺഗ്രസ്സിന്റെ പ്രവർത്തന ശൈലിയാണ് രാജ്യത്ത് കോൺഗ്രസ്സിന്റെ തകർച്ചക്ക് ആക്കം കൂട്ടിയിരുന്നത്. മതേതര പാർട്ടിയായ കോൺഗ്രസ്സ്, അതിന്റെ ആശയത്തിൽ നിന്നും വ്യതിചലിച്ച്, ഭൂരിപക്ഷ വർഗ്ഗീയതയെ പുൽകിയതും കോൺഗ്രസ്സിന്റെ തിരിച്ചടിക്ക് വേഗത കൂട്ടിയിട്ടുണ്ട്. അതു പോലെ തന്നെ അഴിമതിയുടെ കാര്യത്തിലും കോൺഗ്രസ്സ് നേതാക്കളോളം മിടുക്കർ ഇന്ന് മറ്റാരും തന്നെ രാജ്യത്തില്ല. യു.പി.എ സർക്കാറിന്റെ അവസാന ഭരണം തന്നെ ഇതിന് ചെറിയ ഒരു ഉദാഹരണമാണ്.

കോൺഗ്രസ്സ് വിട്ട നേതാക്കളാണ് ഇന്ന് മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ്സിന്റെ പ്രധാന എതിരികളായി പ്രവർത്തിക്കുന്നത്. ഏറ്റവും ഒടുവിൽ ഗുലാംനബി ആസാദും സംഘവുമാണ് കോൺഗ്രസ്സ് വിട്ടിരിക്കുന്നത്. ഈ പട്ടികയിൽ ഉൾപ്പെടുത്താവുന്ന വ്യക്തി തന്നെയാണ് പ്രത്യോത് ദേബ് ബര്‍മയും. ഗുലാം നബിക്ക് മുൻപേ കോൺഗ്രസ്സ് വിട്ട അദ്ദേഹം ത്രിപുരയിൽ ഇപ്പോൾ തന്റെ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തിയിട്ടുണ്ട്. ത്രിപുര തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനയും അതു തന്നെയാണ്.

കൊച്ചു സംസ്ഥാനമായ ത്രിപുരയെ പിളർത്തി മറ്റൊരു സംസ്ഥാനമെന്ന പ്രത്യോത് ദേബിന്റെ വാദം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ല. അതു കൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ പാർട്ടിയുമായി ഒരു രാഷ്ട്രീയ സഖ്യത്തിന് സി.പി.എമ്മും തയ്യാറാകാതിരുന്നത്. തിപ്രമോതയുമായി സഖ്യമായിരുന്നു എങ്കിൽ ഉറപ്പായും ഇടതുപക്ഷത്തിന് ത്രിപുരയിൽ ഭരണം പിടിക്കാൻ സാധിക്കുമായിരുന്നു. ഈ യാഥാർത്ഥ്യവും രാഷ്ട്രീയ ഇന്ത്യ തിരിച്ചറിയേണ്ടതുണ്ട്. അധികാരമല്ല തങ്ങൾക്ക് പ്രധാനമെന്നാണ് ഇവിടെ ഒരിക്കൽ കൂടി സി.പി.എം. തെളിയിച്ചിരിക്കുന്നത്. അഭിനന്ദിക്കേണ്ട മാതൃക തന്നെയാണത്. അതെന്തായാലും പറയാതെ വയ്യ . .

EXPRESS KERALA VIEW

Top