ഇടതുമുന്നണിക്ക് പരാതി നല്‍കാനൊരുങ്ങി ഐഎന്‍എല്‍ അബ്ദുള്‍ വഹാബ് പക്ഷം

കോഴിക്കോട്: പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ ഇടതുമുന്നണി നേതൃത്വത്തിന് പരാതി നല്‍കാനൊരുങ്ങി ഐഎന്‍എല്ലിലെ അബ്ദുള്‍ വഹാബ് പക്ഷം. കാസിം ഇരിക്കൂര്‍ വിഭാഗം സമവായ ശ്രമങ്ങള്‍ക്ക് തടസം നില്‍ക്കുന്നുവെന്നാണ് പരാതി. ചര്‍ച്ചകള്‍ തുടരുകയാണെന്നും എന്നാല്‍ അച്ചടക്ക ലംഘനം കാട്ടിയവരോട് ഒത്തുതീര്‍പ്പില്ലെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

ഇടതുമുന്നണിയിലെ ഘടകകക്ഷിയും സംസ്ഥാന മന്ത്രിസഭയില്‍ പങ്കാളത്തവുമുളള ഐഎല്‍എല്‍ കൊച്ചിയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ഒരു മാസത്തോളമായിട്ടും തര്‍ക്കങ്ങള്‍ പരിഹരിക്കാനായിട്ടില്ല. ഇരുകൂട്ടരും യോജിപ്പിലെത്തിയാല്‍ മാത്രമെ ഇടതുമുന്നണിയില്‍ തുടരാനാകൂ എന്ന് എല്‍ഡിഎഫ് നേതൃത്വം തീര്‍ത്ത് പറ!ഞ്ഞിട്ടുണ്ട്. എന്നിട്ടും തര്‍ക്കങ്ങള്‍ ബാക്കിയാണ്.

കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ മകന്‍ അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ മധ്യസ്ഥതയില്‍ മൂന്നു വട്ടം ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ കാസിം ഇരിക്കൂറിന്റെയും ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്റെയും കടുത്ത നിലപാടാണ് സമവായ സാധ്യതകള്‍ ഇല്ലാതാക്കിയതെന്ന് അബ്ദുള്‍ വഹാബ് പക്ഷം ആരോപിക്കുന്നു. സ്ഥാനമോഹികളായ ഒരു വിഭാഗമാണ് പാര്‍ട്ടി വിട്ടതെന്നും അവര്‍ക്ക് വേണമെങ്കില്‍ മടങ്ങിവരാമെന്നും ദേശീയ പ്രസിഡന്റ് പറഞ്ഞതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. ഇക്കാര്യങ്ങള്‍ ഇടതു മുന്നണി നേതൃത്വത്തെ അറിയിക്കാനാണ് അബ്ദുള്‍ വഹാബ് പക്ഷത്തിന്റെ നീക്കം. എന്നാല്‍ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു.

Top