ഇന്ത്യ മുന്നണിയില്‍ ചേരണമെങ്കില്‍ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണം: എം.പി. മലൂക്ക് നഗര്‍

ഡല്‍ഹി: ഇന്ത്യാമുന്നണിയില്‍ ചേരുന്നതില്‍ വ്യവസ്ഥയുമായി ബിഎസ്പി. മുന്നണിയില്‍ ചേരണമെങ്കില്‍ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് ബി.എസ്.പി. എം.പി. മലൂക്ക് നഗര്‍ പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നിര്‍ദേശിച്ചത് സംബന്ധിച്ചായിരുന്നു എംപിയുടെ പരാമര്‍ശം. തങ്ങളുടെ ചില എംഎല്‍എമാരെ തട്ടിയെടുത്തതിന് മായാവതിയോട് കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും മലൂക്ക് നഗര്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു ദളിത് മുഖം വേണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ മായാവതിയേക്കാള്‍ മികച്ച മറ്റൊരു സ്ഥാനാര്‍ത്ഥിയില്ല. തങ്ങളുടെ വ്യവസ്ഥകള്‍ കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ മായാവതി തീര്‍ച്ചയായും അനുകൂല മനോഭാവത്തോടെ ചിന്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാജ്വാദി പാര്‍ട്ടിയെ ഉള്‍ക്കൊള്ളാത്തതില്‍ യാദവ സമുദായം കോണ്‍ഗ്രസിനോട് അതൃപ്തരായതിനാലാണ് മധ്യപ്രദേശില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചത്. സമാജ്വാദി പാര്‍ട്ടിയുമായി തങ്ങള്‍ക്ക് ഭിന്നതയില്ല. രാഷ്ട്രീയം ഒരു ധാരണയുടെ കളിയാണ്. മലൂക്ക് നഗര്‍ പറഞ്ഞു.

Top