ഒരിടത്ത് വാലിലാണ് വിഷമെങ്കില്‍ മറ്റൊരിടത്ത് വായിലാണ്, ഗോവിന്ദനെ വെള്ളപൂശിയത് തെറ്റ്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് രാജീവ് ചന്ദ്രശേഖറിനെതിരായ കേസില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംവി ഗോവിന്ദനെ വെള്ളപൂശി രാജീവ് ചന്ദ്രശേഖറിനെ വിമര്‍ശിക്കുന്ന നിലപാട് ശരിയല്ല. സ്‌ഫോടനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും യുഡിഎഫും പക്വമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സംഭവത്തെ വര്‍ഗീയവത്കരിക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സ്വീകരിച്ചത്. ഒരിടത്ത് വാലിലാണ് വിഷമെങ്കില്‍ മറ്റൊരിടത്ത് വായിലാണ് വിഷമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സംഭവം രാഷ്ട്രീയവത്കരിക്കുന്നത് നെറികേടാണെന്നും അദ്ദേഹം വിമര്‍ശിച്ചു. എംവി ഗോവിന്ദനെ വെള്ളപൂശി കേന്ദ്രമന്ത്രിയെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് തെറ്റാണ്. രണ്ട് തെറ്റിനേയും വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. രാജീവ് ചന്ദ്രശേഖറിനെതിരെ മാത്രമെടുത്ത നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ പുനഃപ്പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതില്‍ വിദ്വേഷമില്ലെന്നായിരുന്നു തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. എംവി ഗോവിന്ദനെതിരെ ആരോപണം ഉന്നയിക്കുന്നത് മറ്റവരെ മെല്ലെ സഹായിക്കണം എന്ന തോന്നലോടെ കോണ്‍ഗ്രസുകാരുടെ കളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Top