ഫിറൂസ്ജ വന്നാൽ അരക്കൈ നോക്കാമെന്ന് കാൾസൺ; ഞെട്ടാതെ ലോകം

നിയൊരു അങ്കത്തിനു പ്രചോദനമില്ലെന്നും അടുത്ത കാൻഡിഡേറ്റ്സ് ടൂർണമെന്റ് വിജയിച്ച് ചെസിലെ പുതുമുഖമായ അലീറേസ ഫിറൂസ്ജ എതിരാളിയായി വന്നാൽ മാത്രം കളിക്കാമെന്നും ചാംപ്യൻ പറഞ്ഞപ്പോൾ ചെസ് ലോകം ഞെട്ടിയില്ല. കാരണം, അതാണ് മാഗ്‌നസ് കാൾസൻ.

മാഗ്നസിന്റെ പ്രചോദനമില്ലായ്മയ്ക്കു കാരണങ്ങൾ പലതാണ്: നിലവിലെ ചാംപ്യനു ഫൈനലിലേക്ക് നേരിട്ടു പ്രവേശനമുള്ള നടപ്പു ചാംപ്യൻഷിപ് രീതി കാലഹരണപ്പെട്ടിരിക്കുന്നു. നീണ്ട സമയം കളിക്കേണ്ട ഒട്ടേറെ ക്ലാസിക് ഗെയിമുകളുടെ സമയക്രമം ശ്രമകരമാണ്. എലീറ്റ് ഗ്രൂപ്പിലെ പ്രമുഖരെ ഇതിനകം തന്നെ നേർക്കുനേർ പോരാട്ടത്തിൽ മാഗ്‌നസ് തോൽപിച്ചു കഴിഞ്ഞിരിക്കുന്നു.

ഇതിനർഥം കാൾസൻ ചെസ് വിടുന്നു എന്നല്ല. ‘‘ഞാൻ കളി തുടരും. അതെനിക്ക് ഏറെ സന്തോഷം തരുന്നുണ്ട്. ക്രിസ്മസിനു പിറ്റേന്നു തുടങ്ങുന്ന ലോക റാപിഡ്, ബ്ലിറ്റ്സ് ചെസിൽ ഞാൻ കളിക്കുന്നുണ്ട്. ലോക ചാംപ്യൻഷിപ്പിലെ പോരാട്ടങ്ങൾ അത്ര സന്തോഷം തരുന്നവയല്ല’’–മാഗ്‌നസിന്റെ പ്രസ്താവനയ്ക്കു പിന്നിലെ ഒരുത്തരം ഇതിൽ കാണാം. ‘കുറഞ്ഞ സമയക്രമത്തിലുള്ള റാപിഡ് ക്രമത്തിലേക്ക് ലോക ചാംപ്യൻഷിപ് മാറുകയാണെങ്കിൽ ഞാൻ തയാറാണ്’.

മാഗ്‌നസ് ഇത്തരമൊരു അഭിപ്രായം പറയുന്നത് ആദ്യമല്ല. 2014ലും 2018ലും കിരീടം ഉപേക്ഷിക്കാൻ തയാറായിരുന്നു ഈ നോർവേക്കാരൻ. മാഗ്‌നസിന്റെ പുതിയ പ്രസ്താവനകൾ പഴയൊരു പോരാട്ടത്തിന്റെ ഓർമകൾ ഉണർത്തുന്നുണ്ട്. 1975ൽ തന്റെ വ്യവസ്ഥകൾ അംഗീകരിക്കാൻ തയാറാവാത്തതിനെത്തുടർന്ന്, നിലവിലെ ചാംപ്യനായ  ബോബി ഫിഷർ കിരീടപ്പോരാട്ടത്തിനു വിസമ്മതിച്ചിരുന്നു. കാൻഡിഡേറ്റ്സ് വിജയിച്ച് എതിരാളിയായ അനറ്റൊലി കാർപോവിനെ ജേതാവായി പ്രഖ്യാപിച്ചാണ് ലോക ചെസ് സംഘടന ഫിഡെ ആ പ്രതിസന്ധി മറികടന്നത്. എന്നാൽ, ഇക്കുറി അങ്ങനെയൊരു തീരുമാനത്തിനു സാധ്യത കുറവ്. നിലവിലെ നിയമപ്രകാരം ഫൈനലിൽ കളിക്കുന്നവരിൽ ഒരാൾ വിസമ്മതം പ്രകടിപ്പിച്ചാൽ കാൻഡിഡേറ്റ്സ് പോരാട്ടത്തിൽ രണ്ടാമതെത്തിയയാൾ ഫൈനലിൽ പകരക്കാരനാകുമെന്നാണ് വ്യവസ്ഥ.

‘ഐയാം സ്ലൈറ്റ്ലി ബ്രെത്‌ലെസ്, വാച്ചിങ് ഹിം’’– വിശ്വനാഥൻ ആനന്ദ് വരെ ശ്വാസമടക്കിപ്പിടിച്ച് കളി കാണുന്ന ലോകചെസിലെ അദ്ഭുതപ്രതിഭയാണ് പതിനെട്ടുകാരൻ അലീറേസ ഫിറൂസ്ജ. ഇറാനിൽ ജനിച്ച് ഫ്രാൻസിലേക്കു കുടിയേറിയ ഗ്രാൻഡ്മാസ്റ്റർ. 2800 ഇലോ റേറ്റിങ് മറികടന്നതിൽ മാഗ്‌നസ് കാൾസന്റെ റെക്കോർഡ് തകർത്തു. പുതിയ റേറ്റിങ് പ്രകാരം ലോക രണ്ടാംനമ്പർ.

Top