ടി.പിയുടെ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെങ്കിൽ പ്രതികളെ സംരക്ഷിച്ചതും കേസ് നടത്തിയതുമെന്തിനെന്ന് കെ.കെ. രമ

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരനെ കൊന്നതും തന്നെ വിധവയാക്കിയതും ആരാണെന്ന് കേരളത്തിനറിയാമെന്ന് കെ.കെ. രമ എം.എല്‍.എ. എം.എം. മണിയുടെ പ്രസ്താവന സഭാരേഖകളില്‍ നിന്ന് നീക്കണമെന്നും ഭൂരിപക്ഷത്തിന്റെ ധാര്‍ഷ്ട്യമാണ് സിപിഎം പ്രകടിപ്പിക്കുന്നതെന്നും കെ.കെ. രമ പറഞ്ഞു.

എംഎം മണി ഇന്ന് സഭയില്‍ വന്നിരുന്നില്ല. പേടി കൊണ്ടാണ് സഭയില്‍ വരാതിരുന്നതാണെന്നാണ് കരുതുന്നത്. നടത്തിയ പരാമര്‍ശത്തില്‍ കുറ്റബോധമോ ഖേദമോ ഭരണപക്ഷത്തെ എംഎല്‍എമാര്‍ക്കോ മന്ത്രിമാര്‍ക്കോ ഇല്ല. മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും എംഎം മണിയെ ന്യായീകരിച്ചുകൊണ്ടിരിക്കുകയാണെന്നും കെ കെ രമ കൂട്ടിച്ചേർത്തു.

ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ചുപറഞ്ഞതുകൊണ്ട് കാര്യമില്ല. കേസില്‍ ശിക്ഷിക്കപ്പെട്ട ആളുകള്‍ മുഴുവന്‍ സിപിഎമ്മിന്റെ ആളുകളാണ്. പ്രതികളെ സംരക്ഷിച്ചത് സിപിഎമ്മാണ്, കേസ് നടത്തിയത് ആരാണ്, പ്രതികള്‍ക്ക് സൗകര്യം ഒരുക്കി കൊടുത്തത് ആരാണ്. പാര്‍ട്ടിക്ക് പങ്കില്ലെങ്കില്‍ പാര്‍ട്ടി എന്തിനാണ് ഇതൊക്കെ ചെയ്തത്. ആരാണ് ടി.പിയെ കൊന്നതെന്ന് കേരളത്തിനറിയാമെന്നും കെകെ രമ പറഞ്ഞു.

ധീരജിന്റെ രക്തസാക്ഷിത്വം ഇരന്നുവാങ്ങിയതെന്ന കെ. സുധാകരന്റെ പരാമര്‍ശത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രക്തസാക്ഷികളെ അധിക്ഷേപിക്കാന്‍ പാടില്ലെന്ന് കെകെ രമ പ്രതികരിച്ചു. അങ്ങനെ പറയാന്‍ പാടില്ല, ആ പരാമര്‍ശത്തെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് നിയമസഭയില്‍ എംഎം മണി കെകെ രമയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ”ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എല്‍.ഡി.എഫ്. സര്‍ക്കാരിന് എതിരേ, ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല”, എന്നായിരുന്നു എംഎം മണിയുടെ പരാമര്‍ശം.

പിന്നാലെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തില്‍ ഇന്നും സഭ പ്രക്ഷുബ്ധമായിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്ന് സഭാനടപടികള്‍ തടസപ്പെട്ടു.

Top