ബിജെപി സ്ഥാനാര്‍ഥികളെ ജയിപ്പിച്ചാല്‍ അയോധ്യ സന്ദര്‍ശിക്കാമെന്ന് യോഗി

പട്‌ന: ബിഹാര്‍ നിയമസഭ പ്രചാരണത്തില്‍ രാമക്ഷേത്രത്തെ ഉയര്‍ത്തിക്കാട്ടി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി സ്ഥാനാര്‍ഥിയെ എം.എല്‍.എമാരായി തിരഞ്ഞെടുത്താല്‍ അവര്‍ നിങ്ങളെ അയോധ്യയിലെ രാമക്ഷേത്ര ദര്‍ശനത്തിനായി കൊണ്ടുപോകുമെന്ന് യോഗി പറഞ്ഞു. ത്രേതായുഗത്തില്‍ ഈ ക്ഷേത്രമാണ് ധ്യാനത്തിനായി ഭഗവാന്‍ തിരഞ്ഞെടുത്തതെന്നും ആദ്ദേഹം വ്യക്തമാക്കി.

‘ഇന്ത്യയുടെ മണ്ണില്‍ ഭീകരത വളര്‍ത്താന്‍ സാധിക്കില്ലെന്ന് പാകിസ്ഥാന്‍ തിരിച്ചറിഞ്ഞു’. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന ബി.ജെ.പി വാഗ്ദാനം നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

നിതീഷ് കുമാര്‍ ഭരണത്തില്‍ വരുന്നതിന് മുമ്പ് ബിഹാറിലെ സ്ഥിതി എന്തായിരുന്നുവെന്ന് മറച്ചുവയ്ക്കാനാകില്ല. ബിഹാറിലെ ജനങ്ങളുടെ താത്പര്യപ്രകാരമാണ് എന്‍.ഡി.എ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ് വ്യാപന വേളയില്‍ ബിഹാറിലെ തൊഴിലാളികളെ സ്വന്തം നിലയില്‍ യു.പിയില്‍ നിന്ന് ബിഹാറിലേക്കെത്തിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വേര്‍തിരിവില്ലാതെ മോദി പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നല്‍കി. മോദിയും നിതീഷ് കുമാറും ബിഹാറിലെ പാവപ്പെട്ടവര്‍ക്കായി സൗജന്യ റേഷനും ഗ്യാസ് കണക്ഷനും ജോലിയും നല്‍കിയെന്നും യോഗി പറഞ്ഞു. കാലിത്തീറ്റ കഴിക്കുന്നവരെ ബിഹാറിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പേര് പറയാതെ യോഗി കൂട്ടിച്ചേര്‍ത്തു.

Top