മുഖ്യമന്ത്രി അംഗീകരിച്ചാല്‍ , കേരളത്തിലെ മുക്കിലും മൂലയിലും പൊതു ഗതാഗതം കൊണ്ടു വരും; കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുഗതാഗത സംസ്‌കാരത്തിന് തുടക്കം കുറിക്കാന്‍ നമ്മള്‍ക്ക് കഴിയുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. കേരളത്തിലെ മുക്കിലും മൂലയിലും പൊതു ഗതാഗതം കൊണ്ടു വരുമെന്നും, ഇടവഴികളേയും ഉള്‍പ്പെടുത്തി രാജ്യത്ത് ഇതുവരെ കാണാത്ത ഗതാഗത സംസ്‌കാരം കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മുക്കിലും മൂലകളിലും ഇടവഴികളിലും പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് ത്രിതല പഞ്ചായത്തിലെ ചെറിയ റോഡുകള്‍ വരെ ഉള്‍പ്പെടുത്തുക്കൊണ്ട് ജനകീയമായി കേരളത്തില്‍ പൊതുഗതാഗത സംവിധാനം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ മറ്റെവിടെയും കാണാത്ത തരത്തില്‍ പരിഷ്‌കാരം കൊണ്ടുവരും.

മുഖ്യമന്ത്രിയുമായി അല്‍പനേരം സംസാരിച്ചു. അദ്ദേഹം പഞ്ഞു, ഞാന്‍ എല്ലാം പഠിച്ച ശേഷം കാണാമെന്ന്. ഞാന്‍ അദ്ദേഹത്തിന് വിശദമായൊരു പ്രൊപ്പോസല്‍ കൊടുത്തു. അത് അദ്ദേഹം അംഗീകരിച്ചാല്‍, നമ്മള്‍ ചിന്തിക്കാത്ത തരത്തിലുള്ള ജനകീയമായ പരിഷ്‌കാരമാണ്. മുമ്പ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരുന്നപ്പോള്‍ ഈ നടപടിക്ക് വേണ്ടി ഞാനൊരു ഉത്തരവിറക്കി. പക്ഷെ ഞാന്‍ പോയതിന് ശേഷം അത് ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞു. മുഖ്യമന്ത്രി അനുവദിച്ചാല്‍ ആ ഉത്തരവായിരിക്കും ആദ്യം തിരിച്ചുവരാന്‍ പോകുന്നത്. അതിലൂടെ കേരളത്തിലെ ജനങ്ങള്‍ക്ക് അത്ഭുതകരമായ പൊതുഗതാഗത സംവിധാനം ഒരുക്കും.

കഴിഞ്ഞ ദിവസമാണ് പിണറായി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായി ഗണേഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പിന്നാലെ കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും ഇപ്പോഴുള്ള അപകടാവസ്ഥയില്‍നിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകുമെന്ന് മന്ത്രി കെബി ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു. അതിന് കഴിയുമെന്ന പ്രതീക്ഷയുണ്ട്. അതിനായി തൊഴിലാളികളും യൂനിയനുകളും സഹകരിക്കുമെന്നാണ് പ്രതീക്ഷ. ഓട്ടോ മൊബൈല്‍ കാര്യങ്ങളില്‍ ഇഷ്ടമുള്ള വ്യക്തിയായതിനാല്‍ തന്നെ പരിഷ്‌കരണങ്ങള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കും. ഒന്നും വെച്ച് താമസിപ്പിക്കില്ല. രണ്ടരവര്‍ഷമാണ് ഇനിയുള്ളത്. അതിനാല്‍ അതിനുള്ളില്‍ നല്ലകാര്യങ്ങള്‍ ചെയ്ത് സര്‍ക്കാരിന് സല്‍പ്പേരുണ്ടാക്കാന്‍ ശ്രമിക്കും. എല്ലാം പഠിക്കാന്‍ ഒരാഴ്ച സമയം വേണമെന്നും കമ്പ്യൂട്ടറൈസേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കുമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. തനിക്കെതിരെ കോണ്‍ഗ്രസ് കൊടുത്ത കേസില്‍ അവരില്‍ പലരുമാണ് കുറ്റക്കാര്‍. പുറകെ നടന്ന് ഉപദ്രവിക്കുന്ന രീതി തനിക്കില്ല. തന്നെ ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷത്തിന്റെ നയം എന്തിനാണെന്ന് മനസിലാകുന്നില്ല. അവരെയാണ് ബഹിഷ്‌കരിക്കേണ്ടത്. കോണ്‍ഗ്രസുകാര്‍ കള്ളസാക്ഷി പറഞ്ഞ കേസാണ് കോടതിയിലുള്ളത്. എല്ലാം കാലം തെളിയിക്കുമെന്നും ഗണേഷ് പറഞ്ഞിരുന്നു.

Top