ഐ.ജി വിജയനെ വിജിലൻസ് കേസിൽ കുരുക്കി നടപടി എടുത്താൽ, പല ഉന്നതരുടെയും തൊപ്പി തെറിക്കും !

തിരുവനന്തപുരം : ഐ.ജി പി വിജയന്റെ സസ്പെൻഷനു പിന്നാലെ കൂടുതൽ ശിക്ഷാ നടപടികൾക്ക് സർക്കാർ ഒരുങ്ങിയാൽ അത് തിരിച്ചടിക്കാൻ സാധ്യത. വിജയനെ സസ്പെന്റ് ചെയ്ത നടപടി കേന്ദ്ര സർക്കാർ അംഗീകരിക്കില്ലന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെയാണ് വിജിലൻസ് കേസുകളിൽ ഐ.ജി പി.വിജയനെ കുരുക്കുവാൻ അണിയറയിൽ നീക്കം നടക്കുന്നതായ വിവരവും പുറത്തു വന്നിരിക്കുന്നത്. ഇവിടെയാണ് സർക്കാർ വെട്ടിലാകാൻ പോകുന്നത്. എന്തിന്റെ പേരിൽ ഇനി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചാലും ഇപ്പോഴത്തെ സാഹചര്യത്തിൽ അത് പ്രതികാര നടപടിയായി മാത്രമേ വിലയിരുത്തപ്പെടുകയൊള്ളൂ.

കേന്ദ്രത്തിൽ നിന്നു മാത്രമല്ല കോടതികളിൽ നിന്നു പോലും ഇത്തരം നീക്കത്തിനെതിരെ തിരിച്ചടി ലഭിക്കാനുള്ള സാധ്യതയും അതു കൊണ്ടു തന്നെ കൂടുതലാണ്. ഇപ്പോഴത്തെ സസ്പെൻഷനു ആധാരമായ ഫയലിൽ കേന്ദ്ര പേഴ്സണൽ മന്ത്രാലയം എതിർപ്പറിയിച്ചാൽ പിന്നെ സർക്കാറിനു വിജയനെ സർവ്വീസിൽ തിരിച്ചെടുക്കേണ്ടതായി വരും. സസ്പെന്റ് ചെയ്യപ്പെട്ട് 45 ദിവസത്തിനുള്ളിൽ കേന്ദ്രം അനുമതി നൽകിയില്ലങ്കിൽ അതാണ് സംഭവിക്കുക.

പി.വിജയൻ കോടതിയെ സമീപിച്ചാലും സമാന സാഹചര്യം തന്നെയാണ് ഉണ്ടാകുക. ഇവിടെയും കേന്ദ്ര സർക്കാർ നിലപാടാണ് നിർണ്ണായകമാവുക. മുദ്രവച്ച കവറിൽ ഐ.ബി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കപ്പെട്ടാൽ അതിനാണ് പ്രാമുഖ്യം ലഭിക്കപ്പെടുക. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് വിജിലൻസ് കേസിൽ പെടുത്താൻ ശ്രമം നടക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യം കേന്ദ്ര സർക്കാറിനെ അറിയിച്ച് സസ്പെൻഷൻ നടപടിക്ക് അംഗീകാരം വാങ്ങാനാണ് ശ്രമമത്രെ. ഇവിടെയാണ് സർക്കാറിന് വലിയ തിരിച്ചടി ലഭിക്കാൻ പോകുന്നത്.

ട്രാൻസ്പോർട്ട് കമ്മീഷണറായ ഉന്നത ഐ.പി. എസ് ഉദ്ദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥരും കേരള സർവ്വീസിലെ ഉദ്ദ്യോഗസ്ഥരും നിലവിൽ വിജിലൻസ് അന്വേഷണം നേരിടുന്നുണ്ട്. ഇവരിൽ മിക്കവരെയും പ്രാഥമിക അന്വേഷണം നടത്തി വിജിലൻസ് കേസുകളിൽ പ്രതിയാക്കിയിട്ടു പോലും ഇതുവരെ സർക്കാർ സസ്പെന്റ് ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ പി.വിജയനെതിരെ ഏതെങ്കിലും തരത്തിലുള്ള വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് നടപടിയെടുത്താൽ കേന്ദ്രത്തിൽ നിന്നുമാത്രമല്ല കോടതിയിൽ നിന്നും സർക്കാറിന് തിരിച്ചടി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഐ.എ.എസ് – ഐ.പി.എസ് ഉൾപ്പെടെയുള്ള കേന്ദ്ര സർവ്വീസുകാരുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ എടുക്കുന്ന തീരുമാനമാണ് നിർണ്ണായകമാവുക.

പശ്ചിമ ബംഗാൾ സർക്കാറുമായുള്ള തർക്കത്തെ തുടർന്ന് കേന്ദ്ര സർവ്വീസിലെ ഉദ്ദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നിയമന കാര്യത്തിലും കേന്ദ്ര സർക്കാർ ചില മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. ഇതു പ്രകാരം ഐ.പി.എസുകാർ ഉൾപ്പെടെയുള്ള കേന്ദ്ര സർവ്വീസിലെ ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടേഷിനിൽ പോകുന്നതിനു സംസ്ഥാന സർക്കാറുകൾ അനുമതി നൽകിയില്ലങ്കിലും കേന്ദ്രം അനുമതി നൽകിയാൽ ഡെപ്യൂട്ടേഷൻ സാധ്യമാകും. അടുത്തയിടെ വന്ന ഈ ഉത്തരവ് പി.വിജയന് ഗുണം ചെയ്യുമെന്നാണ് ഐ.പി.എസ് ഉദ്യോഗസ്ഥർ കരുതുന്നത്. സസ്പെൻഷൻ കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് സ്വീകരിച്ചു കഴിഞ്ഞാൽ സി.ബി.ഐ, എൻ.ഐ.എ, എൻഫോഴ്സ്മെന്റ് തുടങ്ങിയ ഏതെങ്കിലും അന്വേഷണ വിഭാഗങ്ങളിലെ ഉന്നത സ്ഥാനത്ത് ഐ.ജി വിജയൻ എത്തുവാനുള്ള സാധ്യതയുണ്ട്.

ഇപ്പോഴത്തെ സസ്പെൻഷൻ നടപടി പ്രതികാര നടപടിയാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര സർക്കാറുള്ളത്. ഐ.ബി റിപ്പോർട്ടിൽ എന്താണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത് എന്നതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് തന്നെയുണ്ടെനാണ് സൂചന. കേന്ദ്രസർവ്വീസിലെ ഉദ്യോഗസ്ഥർക്ക് നിഷ്പക്ഷമായും സ്വതന്ത്രമായും ജോലി ചെയ്യാനുള്ള അവസരം കേരളത്തിൽ ഇല്ലന്ന തരത്തിലാണ് മറ്റു സംസ്ഥാനങ്ങളിലെ ഐ.എ.എസ് – ഐ.പി.എസ് വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ചർച്ചകൾ നടക്കുന്നത്. ഇതും ഐ.ബി റിപ്പോർട്ട് ചെയ്തതായാണ് ലഭിക്കുന്ന വിവരം.

കേരളത്തിലെ ഐ.പി.എസുകാരോടുള്ള പ്രതികാര നിലപാടിനു ഏറ്റവും വലിയ ഉദാഹരണമായി ഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത് മികച്ച ട്രാക്ക് റെക്കാർഡുള്ള ഐ.ജി അനൂപ് കുരുവിള ജോണിനു എതിരായ കേരളസർക്കാറിന്റെ നിലപാടാണ്. ടി.പി ചന്ദ്രശേഖരൻ വധകേസ് പ്രതികളെ പിടികൂടുന്നതിനു നേതൃത്വം കൊടുത്ത അനൂപ് കുരുവിള ജോണിനെ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന ശേഷം ക്രമസമാധാന ചുമതലയുള്ള ഒരു തസ്തികയിലും നിയമിച്ചിരുന്നില്ല. ഈ അവഗണനയെ തുടർന്ന് കേരളം വിട്ട അനൂപ് കുരുവിള ജോൺ ഇപ്പോൾ ഡൽഹിയിൽ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിലാണ് പ്രവർത്തിക്കുന്നത്. എലത്തൂർ തീവണ്ടി തീവയ്പ്പു കേസിലെ പ്രതി കേരളം വിട്ടെന്ന് വ്യക്തമായതോടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തെയും യു.പി, മഹാരാഷ്ട്ര കർണ്ണാടക, ഡൽഹി ഉൾപ്പെടെയുള്ള പൊലീസ് വിഭാഗത്തെയും ഏകോപിപ്പിക്കാൻ പ്രവർത്തിച്ചതും അനൂപ് കുരുവിള ജോണാണ്.

ട്രയിൻ തീവയ്പ്പ് സംഭവത്തിന്റെ അന്വേഷണത്തിൽ കേരളത്തിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡും അതിന്റെ തലവൻ ഐ.ജി പി.വിജയനും കാര്യക്ഷമമായി പ്രവർത്തിച്ചു എന്നു തന്നെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഈ സസ്പെൻഷൻ അനാവശ്യമാണ് എന്ന നിഗമനത്തിലാണ് അവരും എത്തിചേർന്നിരിക്കുന്നതെന്നാണ് സൂചന. ഇതു സംബന്ധമായി കേരള സർക്കാറിനോട് കേന്ദ്രം വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്. തന്നെ സസ്പെന്റ് ചെയ്തതു പകപോക്കലിന്റെ ഭാഗമാണെന്നു ആരോപിച്ച് വിജയൻ നേരിട്ടു പരാതി നൽകിയാൽ സി.ബി.ഐ അന്വേഷണത്തിനും സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ റിപ്പോർട്ട് നൽകിയവർ മാത്രമല്ല അതിനു പിന്നിൽ പ്രവർത്തിച്ചവരും കുരുക്കിലാകും.

സസ്പെന്റ് ചെയ്യണമെന്ന ശുപാർശ ചീഫ് സെക്രട്ടറി നൽകാതിരുന്നതു തന്നെ വരാൻ സാധ്യതയുള്ള നടപടി ഭയന്നാണെന്നാണ് ഉദ്ദ്യോഗസ്ഥർക്കിടയിലെ സംസാരം. ഐ.ജിയെ സസ്പെന്റ് ചെയ്യാൻ കാരണം മുഖ്യമന്ത്രിയെ ചിലർ തെറ്റിധരിപ്പിച്ചതു കൊണ്ടാണെന്ന വിവരവും ഇപ്പോൾ പുറത്തു വരുന്നുണ്ട്. ചില സി.പി.എം നേതാക്കൾ തന്നെയാണ് ഇത്തരമൊരു സംശയവും പ്രകടിപ്പിച്ചിരിക്കുന്നത്. സസ്പെൻഷൻ പിൻവലിക്കപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്താൽ പി.വിജയൻ കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനിൽ പോകുമെന്നാണ് സൂചന. അദ്ദേഹത്തിനു മുന്നിൽ സി.ബി.ഐ – എൻ.എ എ – എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ ഉൾപ്പെടെ നിരവധി സാധ്യതകളാണ് ഉള്ളത്. സംസ്ഥാന സർക്കാറിനു തലവേദനയായ കേരളത്തിലെ വിവാദമായ പല കേസുകളിലും അന്വേഷണം നടത്തുന്നതും ഈ ഏജൻസികൾ തന്നെയാണ്.

കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ ജയിലിൽ അടക്കുമെന്ന് ഡി.കെ ശിവകുമാർ പറഞ്ഞ കർണ്ണാടക ഡി.ജി.പി. പ്രവീൺ സൂദാണ് പുതിയ സിബിഐ ഡയറക്ടർ. കർക്കശക്കാരനായ ഈ ഉദ്യോഗസ്ഥനെ സി.ബി.ഐയിൽ എത്തിച്ച കേന്ദ്ര സർക്കാർ ചുട്ട മറുപടിയാണ് കോൺഗ്രസ്സിനു നൽകിയിരിക്കുന്നത്. സി.ബി.ഐ ഉൾപ്പെടെയുളള കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന കർണ്ണാടക ഉപമുഖ്യമന്ത്രി കൂടിയായ ഡി.കെ ശിവകുമാർ ഈ നിയമനത്തോടെ ശരിക്കും പ്രതിരോധത്തിലായിരിക്കുകയാണ്. പ്രവീൺ സൂദ് ഡയറക്ടറായി ചുമതല ഏൽക്കുന്നതോടെ സി.ബി.ഐയിൽ വലിയ അഴിച്ചുപണിയും ഉടൻ നടക്കും.

Top