ശിക്ഷിക്കപ്പെട്ടയാള്‍ മരിച്ചാല്‍ പിഴത്തുക അവകാശിയില്‍നിന്ന് ഈടാക്കാം: ഹൈക്കോടതി

ബംഗളൂരു: കേസില്‍ പിഴശിക്ഷയ്ക്കു വിധിക്കപ്പെട്ടയാള്‍ മരിച്ചാല്‍ അയാളുടെ വസ്തുവില്‍നിന്നോ പിന്തുടര്‍ച്ചാവകാശിയില്‍നിന്നോ തുക ഈടാക്കാമെന്ന് കര്‍ണാടക ഹൈക്കോടതി. മരിച്ചയാളുടെ വസ്തുവില്‍നിന്നോ അതു കൈവശം വയ്ക്കുന്ന അവകാശിയില്‍നിന്നോ തുക ഈടാക്കാനാണ് ജസ്റ്റിസ് ശിവശങ്കര്‍ അമരാണ്ണവരുടെ ഉത്തരവ്.

ഹാസനിലെ തോട്ടിലെ ഗൗഡ എന്നയാള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഗൗഡയ്ക്ക് ഹാസന്‍ അഡീഷണല്‍ സെഷന്‍സ് കോടതി 29,204 രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ഇലക്ട്രിസിറ്റി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ.

സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഗൗഡ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ വാദം നടന്നുകൊണ്ടിരിക്കെ ഗൗഡ മരിച്ചു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഭിഭാഷകന്‍ ഇക്കാര്യം കോടതിയെ അറിയിച്ചു. ഹര്‍ജിക്കാരന്‍ മരിച്ചതായും ബന്ധുക്കളോ അവകാശികളോ കേസ് നടത്താന്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്നാണ് അവകാശികളില്‍ നിന്നു പിഴത്തുക ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

Top