വാർഡിൽ പോലും ഒറ്റക്ക് ജയിക്കാനാവാത്ത പാർട്ടിയുടെ മന്ത്രിക്ക് ഒപ്പം ഇരിക്കാമെങ്കിൽ . .

ന്തിനാണ് ഇത്ര അസഹിഷ്ണുത ? പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയല്ല, സമ്മതിച്ചു. പക്ഷേ അദ്ദേഹം ബിജെപിയുടെ നേതാവ് കൂടിയാണ് എന്ന വസ്തുത അംഗീകരിച്ചല്ലേ പറ്റൂ.

രാഷ്ട്രീയപരമായി ബിജെപി, എതിരായിട്ടുള്ള ഒരു തീരുമാനമെടുത്തിരുന്നുവെങ്കില്‍ പ്രധാനമന്ത്രി കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് എത്തുമായിരുന്നുവോ എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ യാത്ര വിവാദമാക്കുന്നവര്‍ ഒന്ന് ആലോചിക്കുന്നത് നല്ലതാണ്.

കൊച്ചിയെയും കേരളത്തെയും സ്മാര്‍ട്ട് ആക്കുന്നതിന് എല്ലാ പിന്തുണയും പ്രധാനമന്ത്രി പ്രഖ്യാപിച്ചതും കേന്ദ്രത്തില്‍ നിന്ന് വികസന കാര്യത്തില്‍ നല്ല സഹായം ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി എടുത്ത് പറഞ്ഞതും മെട്രോ ഉദ്ഘാടന ചടങ്ങ് നടന്ന വേദിയിലാണ്.

ഇവിടെ രാഷ്ട്രീയ വൈര്യം മറന്ന പരസ്പര സഹായത്തിനുള്ള സാധ്യതയാണ് ഇരു നേതാക്കളും തുറന്നിട്ടത്.

എന്നാല്‍ മെട്രോ ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതിന് മുന്‍പ് ശ്രീധരനില്‍ തുടങ്ങിയ വിവാദം ഇപ്പോള്‍ ഉദ്ഘാടനം കഴിഞ്ഞിട്ടും കത്തി പടരുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.

എന്തൊക്കെ പ്രോട്ടോകോള്‍ പ്രശ്‌നം ചൂണ്ടിക്കാണിച്ചാലും കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തത് വലിയ അപരാധമായി കണ്ട് ഇത്രയും വിവാദമാക്കേണ്ട കാര്യമുണ്ടായിരുന്നില്ല.

പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനുള്ള സംഘത്തില്‍ അംഗമായി പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഉള്‍പ്പെടുത്തിയ കുമ്മനത്തെ, പ്രധാനമന്ത്രിക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്യാനും ബന്ധപ്പെട്ടവര്‍ അനുവദിച്ചത് കൊണ്ടാണല്ലോ അദ്ദേഹം യാത്ര ചെയ്തത്. അതെങ്ങനെ ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ പരിഹസിക്കുന്നത് പോലെ ‘കള്ളവണ്ടി’ കയറ്റമാകും ?

പ്രധാനമന്ത്രിയുടെ കൂടെ അദ്ദേഹത്തിന്റെയോ പി.എം ഓഫീസിന്റെയോ അനുമതിയില്ലാതെ അങ്ങനെ ആര്‍ക്കെങ്കിലും ഇടിച്ചു കയറാന്‍ പറ്റുമോ?

ഇക്കാര്യങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാറിന് പോലും പരിമിതിയുണ്ട് എന്നത് മെട്രോ മാന്‍ വിവാദത്തില്‍ കേരളം കണ്ടതാണ്. ഒടുവില്‍ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പി.എം ഓഫീസ് തന്നെയാണ് മെട്രോ മാന്‍ ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രിക്കൊപ്പം ഇരിപ്പിടം നല്‍കിയിരുന്നത്. ഈ ചടങ്ങില്‍ ഇടിച്ചു കയറാന്‍ കുമ്മനം രാജശേഖരന്‍ വന്നിരുന്നുമില്ല.

സംസ്ഥാനത്ത് ബിജെപി ഒറ്റ എംഎല്‍എ മാത്രമുള്ള പാര്‍ട്ടി ആയതിനാല്‍ പ്രധാനമന്ത്രിക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന് വരെ ചില വിഡ്ഢികള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നുണ്ട്.

‘ഒരാള്‍ നുഴഞ്ഞു കയറി’ അത് അന്വേഷിക്കണമെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിഷയത്തില്‍ പ്രതികരിച്ചത്.

മുന്‍പ് ‘പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്ത് കാര്യമെന്ന് ചോദിച്ച’ ‘അല്‍പ്പത്തര’ത്തിന് കുമ്മനം ഇപ്പോള്‍ യാത്രയിലൂടെ നല്‍കിയ ‘മറുപടിയാണ്’ മന്ത്രിയെ പ്രകോപിപ്പിച്ചത് എന്ന് വ്യക്തം.

കേരളത്തില്‍ സംഘടനാ ബലത്തില്‍ ഓരോ പാര്‍ട്ടികളെയും പ്രത്യേകം വിലയിരുത്തുകയാണെങ്കില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്ത് വരിക 15 ശതമാനത്തോളം വോട്ടുകളുള്ള ബി.ജെ.പി ആയിരിക്കും.

മുസ്ലീം ലീഗിനും കേരള കോണ്‍ഗ്രസ്സിനുമെല്ലാം കിട്ടുന്ന വോട്ടുകള്‍ യു.ഡി.എഫ് സംവിധാനത്തിന്റെ ഭാഗമായി ലഭിക്കുന്നതായതിനാല്‍ വേര്‍തിരിച്ചാല്‍ നാലും അഞ്ചും സ്ഥാനങ്ങള്‍ കൊണ്ട് മാത്രം അവര്‍ക്ക് തൃപ്തിപ്പെടേണ്ടി വരും.

ഒരു പഞ്ചായത്ത് ഭരണത്തില്‍ പോലും ഒറ്റക്ക് വിജയിക്കാന്‍ ശേഷിയില്ലാത്ത എന്‍.സി.പിയുടെ മന്ത്രി ശതകോടീശ്വരന്‍ തോമസ് ചാണ്ടിക്ക് പ്രധാനമന്ത്രിക്കൊപ്പം മെട്രോ ഉദ്ഘാടന ചടങ്ങിന്റെ വേദിയിലിരിക്കാമെങ്കില്‍ 15 ശതമാനത്തോളം വോട്ടുള്ള പ്രധാനമന്ത്രിയുടെ പാര്‍ട്ടിയുടെ അദ്ധ്യക്ഷന് മെട്രോയില്‍ ഒരുമിച്ച് യാത്ര ചെയ്യാന്‍ അവകാശമില്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉയരും. അതിനോട് മുഖം തിരിച്ചിട്ട് കാര്യമൊന്നുമില്ല.

Team express Kerala

Top