പതിനെട്ട് വയസ്സില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാം, എന്തുകൊണ്ട് പങ്കാളിയെ പറ്റില്ല; ഒവൈസി

ന്യൂഡല്‍ഹി:  പതിനെട്ടാം വയസ്സില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഒരു യുവതിക്ക് അവസരം ലഭിക്കുമെങ്കില്‍ അതേ പ്രായത്തില്‍ പങ്കാളിയെ തിരഞ്ഞെടുക്കാന്‍ എന്തുകൊണ്ട് പറ്റില്ല?’- ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസിയുടേതാണു ചോദ്യം. വിവാഹം കഴിക്കാനുള്ള സ്ത്രീകളുടെ കുറഞ്ഞ പ്രായം 18ല്‍നിന്നു 21ആയി ഉയര്‍ത്താമെന്ന കേന്ദ്ര നിര്‍ദേശത്തില്‍, ദേശീയ വാര്‍ത്താ ഏജന്‍സിയോടു പ്രതികരിക്കുകയായിരുന്നു ഒവൈസി.

‘സ്ത്രീകളുടെ ഉന്നമനത്തിനായി ഇന്ത്യന്‍ ഭരണകൂടം ഒന്നും ചെയ്യുന്നില്ല. ക്രിമിനല്‍ നിയമം ഉള്ളതു കൊണ്ടല്ല ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ കുറഞ്ഞത്. വിദ്യാഭ്യാസ പുരോഗതിയും ജനങ്ങളുടെ സാമ്പത്തിക പുരോഗമനവുമാണ് അതിനു കാരണം. എന്നിട്ടും ഇന്ത്യയില്‍ 12 ദശലക്ഷം കുട്ടികള്‍ 18 വയസ്സ് എത്തും മുന്‍പ് വിവാഹിതരാവുന്നു. 2005 ല്‍ 26 ശതമാനം സ്ത്രീകള്‍ തൊഴില്‍മേഖലയില്‍ ഉണ്ടായിരുന്നു. 2020ല്‍ ഇത് 16 ശതമാനമായി താഴ്ന്നു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുരുഷ കേന്ദ്രീകൃത നയങ്ങളുടെ മറ്റൊരു ഉദാഹരണമാണ് വിവാഹ പ്രായത്തെ സംബന്ധിച്ച് ഇപ്പോള്‍ നടന്നുവരുന്നത്. 18 വയസ്സ് കഴിഞ്ഞാല്‍ ഒരു ഇന്ത്യന്‍ പൗരന് ബിസിനസ് തുടങ്ങാനും കോണ്‍ട്രാക്ട് ഒപ്പിടാനും, എന്തിനു പ്രധാനമന്ത്രിയെയും എംഎല്‍എയെയും തിരഞ്ഞെടുക്കാന്‍വരെ അധികാരമുണ്ട്. അതുകൊണ്ട് പുരുഷന്മാരുടെ വിവാഹപ്രായം 21 ല്‍ നിന്നു 18 ആവണം എന്നാണ് എന്റെ അഭിപ്രായം,

’14 വയസ്സിനു ശേഷം വിവാഹം നിയമവിധേയമായ നിരവധി സംസ്ഥാനങ്ങള്‍ യുഎസില്‍ ഉണ്ട്. ബ്രിട്ടനിലും കാനഡയിലും 16 വയസ്സ് കഴിഞ്ഞാല്‍ വിവാഹത്തിന് അനുമതിയുണ്ട്. നിയമസഭയില്‍ മത്സരിക്കാനുള്ള കുറഞ്ഞ പ്രായം 21 വയസ്സാക്കണം’- ‘- ഒവൈസി അഭിപ്രായപ്പെട്ടു.

Top