Idukki’s Revolutionary Leader M M Mani, appointed as Karshakam Sangham President

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഉടുമ്പന്‍ ചോല എംഎല്‍എയുമായ എം എം മണിയെ കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഇഎംഎസ് അക്കാദമി ഹാളില്‍ ചേര്‍ന്ന കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്.

പാലക്കാട് നിന്നുള്ള കെ വി രാമകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയായി തുടരും. നിലവില്‍ പ്രസിഡന്റായ ഇ പി ജയരാജന്‍ മന്ത്രിയായ സാഹചര്യത്തിലാണിത്.

ഇടുക്കിയിലെ സിപിഎമ്മിന്റെ കരുത്തനായ നേതാവായ എം എം മണി മുന്‍പ് ”വിവാദ പ്രസംഗത്തിലൂടെ” ബിബിസിയിലെ വരെ താരമായിരുന്നു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉടുമ്പന്‍ ചോലയില്‍ തമ്പടിച്ച് മണിയെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തിട്ടും മികച്ച ഭൂരിപക്ഷത്തിനാണ് ഈ കമ്മ്യൂണിസ്റ്റ് പോരാളി തിരഞ്ഞെടുക്കപ്പെട്ടത്.

മണി ഒഴികെ എംഎല്‍എമാരായ എല്ലാ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും മന്ത്രിമാരായപ്പോള്‍ അദ്ദേഹത്തിന് നിയമസഭയില്‍ പാര്‍ട്ടി വിപ്പിന്റെ ചുമതലയാണ് സിപിഎം നല്‍കിയിരുന്നത്.

ഇപ്പോള്‍ വീണ്ടും പ്രമുഖ വര്‍ഗ്ഗ ബഹുജന സംഘടനയായ കര്‍ഷക സംഘത്തിന്റെ പ്രസിഡന്റാക്കുക വഴി മണിയെ പാര്‍ട്ടി തഴഞ്ഞുവെന്ന പ്രചാരണത്തിന്റെ മുനകൂടി സിപിഎം ഒടിച്ചിരിക്കുകയാണ്.

Top