ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവ് സംസ്ഥാനത്തെ മന്ത്രിമാരെ കണ്ടിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ്19 സ്ഥിരീകരിച്ചവരില്‍ ഇടുക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും. കാസര്‍കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിരുന്നതായാണ് വിവരം. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമൊത്തു ഇദ്ദേഹം മന്ത്രിമാരെ കണ്ടതായും വിവരമുണ്ട്. ഇടുക്കി ജില്ലയില്‍ കോവിഡ് ബാധിച്ച തദ്ദേശീയനായ ആദ്യ വ്യക്തി കൂടിയാണ് ഈ നേതാവ്.

ഇതുവരെ ഇടുക്കി ജില്ലയില്‍ ആകെ 3 കോവിഡ് കേസുകളാണു റിപ്പോര്‍ട്ടു ചെയ്തത്. ഒരെണ്ണം ബ്രിട്ടിഷ് പൗരനും രണ്ടാമത്തേതു ദുബായില്‍നിന്നു മടങ്ങിയെത്തിയ തൊടുപുഴ കുമാരമംഗലം സ്വദേശിയുമാണ്.തൃശൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഫ്രാന്‍സില്‍നിന്ന് മടങ്ങിയെത്തിയ രോഗബാധിതയായ യുവതിയുടെ ഭര്‍ത്താവും (32) മറ്റൊരാള്‍ 21കാരനുമാണ്.

രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ച തൃശൂരിലെ പെണ്‍കുട്ടിയും രണ്ടാമതു രോഗം സ്ഥിരീകരിച്ച യുവാവും അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇന്നു ലഭിച്ച 46 പരിശോധനാഫലങ്ങളില്‍ 44 എണ്ണം നെഗറ്റീവാണ്. 40 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 582 പേരുടെ സാംപിളുകള്‍ അയച്ചതില്‍ 484 എണ്ണത്തിന്റെ ഫലം വന്നിട്ടുണ്ട്. 68 പേരുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.

Top