ഇടുക്കി സീറ്റ് പി.ജെ ജോസഫിന് നല്‍കാന്‍ യു.ഡി.എഫില്‍ ആലോചന

കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് പി.ജെ ജോസഫിന് നല്‍കാന്‍ യു.ഡി.എഫില്‍ ആലോചന. കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച ചെയ്യും. കേരളത്തിലുള്ള രാഹുല്‍ ഗാന്ധിക്ക് മുന്നിലും വിഷയം അവതരിപ്പിച്ചേക്കും.

കോട്ടയം സീറ്റിന്റെ പേരില്‍ പി.ജെ ജോസഫും കൂടെയുള്ളവരും കേരള കോണ്‍ഗ്രസ് വിടുമെന്ന ഘട്ടത്തിലാണ് സമവായ ചര്‍ച്ചയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. കോട്ടയം സീറ്റില്‍ ഉമ്മന്‍ചാണ്ടി മത്സരിച്ച് ഇടുക്കി സീറ്റ് അനുവദിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഇടുക്കി സീറ്റ് പി.ജെ ജോസഫിന് നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.

കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറണമെന്നതടക്കമുള്ള മൂന്ന് നിര്‍ദേശങ്ങളാണ് പി.ജെ.ജോസഫ് ഉന്നയിച്ചിരുന്നത്.

കോട്ടയം സീറ്റ് കോണ്‍ഗ്രസിന് നല്‍കി കൊണ്ട് ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുക എന്നതാണ് ആദ്യത്തെ നിര്‍ദേശം. എന്നാല്‍ ഉമ്മന്‍ ചാണ്ടി മത്സരിച്ചാല്‍ മാണി സീറ്റ് വിട്ട് തരുമെന്നാണ് ജോസഫ് പറയുന്നത്. അങ്ങനെ വന്നാല്‍ ഇടുക്കിയില്‍ തനിക്കും മാണിക്കും ഒരുപോലെ സ്വീകാര്യനായ ഒരാളെ മത്സരിപ്പിക്കാന്‍ സാധിക്കുമെന്നും ജോസഫ് വ്യക്തമാക്കുന്നു. കേരള കോണ്‍ഗ്രസില്‍ നിന്ന് തന്നെ അനുകൂലിക്കുന്നവര്‍ വിട്ട് പോയാല്‍ അതിന് പിന്തുണ നല്‍കുക. തുടങ്ങിയ കാര്യങ്ങളും ജോസഫ് മുന്നോട്ട് വെച്ചിരുന്നു.

അതേസമയം പിളര്‍ന്നാലും ഇല്ലെങ്കിലും യുഡിഎഫില്‍ നിന്ന് വിട്ട് പോകില്ലെന്നാണ് ജോസഫ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്.

Top