റിജോഷിനെ കൊന്നത് ഞാനാണ്; അനിയന് വീഡിയോ സന്ദേശം അയച്ച് വസീം

ഇടുക്കി: ശാന്തന്‍പാറയില്‍ റിസോര്‍ട്ടിനു സമീപം യുവാവിനെ കൊന്നു റിസോര്‍ട്ടിനു സമീപം കുഴിച്ചിട്ട കേസില്‍ കുറ്റം ഏറ്റുപറഞ്ഞ് പ്രതിയുടെ വിഡിയോ സന്ദേശം. മരിച്ച് റിജോഷിന്റെ സുഹൃത്തും ഭാര്യ ലിജിയുടെ കാമുകനുമായ വസീമാണ് കുറ്റം ഏറ്റുപറഞ്ഞു രംഗത്തെത്തിയത്. താന്‍ മാത്രമാണ് പ്രതിയെന്നും അനിയനെയും കൂട്ടുകാരെയും വെറുതെ വിടണമെന്നും വസീം വിഡിയോയില്‍ പറഞ്ഞു.

റിസോര്‍ട്ട് മാനേജറായ വസീമും റിജോഷിന്റെ ഭാര്യയും ചേര്‍ന്ന് റിജോഷിനെ കൊലപ്പെടുത്തി വീടിന്റെ സമീപത്തുള്ള റിസോര്‍ട്ട് വളപ്പില്‍ തന്നെ ചാക്കില്‍ കെട്ടി കുഴിച്ചിടുകയായിരുന്നുവെന്നാണു നിഗമനം. ഒളിവില്‍ പോയ ലിജിക്കും വസീമിനും വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതിനിടെയാണ് വസീമിന്റെ വിഡിയോ സന്ദേശമെത്തുന്നത്. എന്നാല്‍ ഇയാള്‍ എവിടെയാണെന്നത് സംബന്ധിച്ച് വ്യക്തതയില്ല.സംഭവത്തില്‍ പൊലീസ് റിസോര്‍ട്ട് ജീവനക്കാരിയെയും വസീമിന്റെ അനുജനെയും ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

റിജോഷിന്റെ തിരോധാനത്തിനു ശേഷം റിജോഷിന്റെ ഭാര്യ ലിജിയോടോപ്പം റിസോര്‍ട്ട് മാനേജറെയും കാണാതായതോടെ സംശയം തോന്നിയ ബന്ധുക്കള്‍ ശാന്തന്‍പാറ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയതോടെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിഞ്ഞത്. പുത്തടി മഷ്റൂം ഹട്ട് റിസോര്‍ട്ടിന്റെ സമീപത്താണു മൃതദേഹം കുഴിച്ചിട്ടിരുന്നത്.

Top