കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടി; തണ്ണിക്കോട്ട് മെറ്റല്‍സ് അടപ്പിച്ചു

ഇടുക്കി: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും നടത്തിയ തണ്ണിക്കോട്ട് മെറ്റല്‍സ് റവന്യു വകുപ്പ് അടപ്പിച്ചു. ലൈസന്‍സ് ഇല്ലാത്ത ക്രഷര്‍ തുറന്നതിതിനെ തുടര്‍ന്നാണ് നടപടി. തണ്ണിക്കോട്ട് മെറ്റല്‍സ് ഉടമ റോയി കുര്യനെതിരെ നടപടിയെടുക്കുമെന്നും റവന്യു വകുപ്പ് അറിയിച്ചു.

അതേസമയം,രാജാപ്പാറയിലെ ജംഗിള്‍ പാലസ് റിസോര്‍ട്ടിന് ശാന്തന്‍പാറ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കി.

മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്ത ഇടുക്കി ചതുരംഗപ്പാറയിലെ തണ്ണിക്കോട്ട് മെറ്റല്‍സിന് ലൈസന്‍സില്ലെന്ന് ഉടുമ്പന്‍ചോല പഞ്ചായത്തും ജിയോളജി വകുപ്പും പറയുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ആഘോഷ പരിപാടികള്‍ നടന്നത്. വ്യാപാര കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള രാത്രി ആഘോഷം സ്വകാര്യ റിസോര്‍ട്ടിലായിരുന്നു. നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും രാത്രി 8 മുതല്‍ ആറു മണിക്കൂര്‍ നീണ്ടു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഇരുന്നൂറോളം ആളുകള്‍ പങ്കെടുത്തതായാണ് വിവരം. രാഷ്ട്രീയക്കാരും പൊലീസുകാരുമെല്ലാം പരിപാടിക്കെത്തിയിരുന്നു.

ബെല്ലി ഡാന്‍സിനായി നര്‍ത്തകിയെ സംസ്ഥാനത്തിനു പുറത്തുനിന്നാണ് കൊണ്ടുവന്നത്. മുംബൈ സ്വദേശികളായ നര്‍ത്തകിമാരെ ഹൈദരാബാദില്‍ നിന്നാണു ബുക്ക് ചെയ്തത്. ഒരു ദിവസം അഞ്ചുലക്ഷം രൂപ കരാറില്‍ നാലുദിവസത്തേയ്ക്കാണ് ഇവരെ എത്തിച്ചതെന്നാണു വിവരം.

നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു കേസെടുത്തത്.

നിശാപാര്‍ട്ടി കേസില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യന്‍ ഉള്‍പ്പടെ 22 പേര്‍ കൂടി ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടി നടത്തിയ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം 28 ആയി.

Top