മദ്യലഹരിയില്‍ വാഹനം ഓടിച്ചു; യുവാവ് ഇടിച്ചുതകര്‍ത്തത് നാല് വാഹനങ്ങള്‍

ഇടുക്കി: പിതാവ് മദ്യലഹരിയില്‍ കുട്ടിയെ മടിയിലിരുത്തി വാഹനം ഓടിച്ചു. നിയന്ത്രണം വിട്ട കാര്‍ നാല് വാഹനങ്ങളാണ് ഇടിച്ചുതകര്‍ത്തത്. ഈ സാഹസികത കണ്ട നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇടുക്കി രാജാക്കാടാണ് സംഭവം.

മദ്യലഹരിയില്‍ കാര്‍ ഓടിച്ച സേനാപതി സ്വദേശി എതിര്‍ദിശയില്‍ നിന്നു വന്ന സ്‌കൂട്ടറിലും വാനിലും ഇടിക്കുകയായിരുന്നു. അതിനുശേഷം നിര്‍ത്തിയിട്ടിരുന്ന കാറിലും ഓട്ടോയിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ മറിയുകയും ചെയ്തു.

പക്ഷേ സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികളും രണ്ടര വയസ്സുള്ള കുട്ടിയും പരിക്കേല്‍ക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിനു ശേഷവും തെറ്റായ ദിശയില്‍ കാര്‍ ഓട്ടം തുടര്‍ന്നപ്പോഴാണ് നാട്ടുകാര്‍ കാര്‍ തടഞ്ഞുനിര്‍ത്തിയത്. പിന്നീട് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. വാഹനം ഓടിച്ചതിനും അപകടം ഉണ്ടാക്കിയതിനുമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

അതേസമയം ഇയാളുടെയൊപ്പം മടിയിലിരുന്ന ഒന്‍പതുവയസ്സുള്ള മകനാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ഇവര്‍ക്കൊപ്പം മദ്യലഹരിയിലായിരുന്ന മറ്റ് 2 പേരും വാഹനത്തില്‍ ഉണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

Top