ഇടുക്കി ഡാമിലെ വെള്ളം തുറന്നുവിടാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി; ചൊവ്വാഴ്ച ട്രയല്‍ റണ്‍

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ വെള്ളം തുറന്നുവിടാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. ജലനിരപ്പ് സംഭരണശേഷിയുടെ 88.36 ശതമാനം ആയതിനെ തുടര്‍ന്നതിനാലാണ് ഡാം തുറന്നുവിടാന്‍ ഒരുങ്ങുന്നത്.

ശനിയാഴ്ച വൈകിട്ട് ഒന്നരയടികൂടി വര്‍ധിച്ച് ജലനിരപ്പ് 2393.16 ല്‍ എത്തിയിരുന്നു. 2397 അടി കഴിയുമ്പോള്‍ നിയന്ത്രിത അളവില്‍ തുറന്നുവിടാനാണ് ആലോചിക്കുന്നത്. ചൊവ്വാഴ്ച ട്രയല്‍ റണ്‍ നടത്തിയേക്കും.

അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, ഇടുക്കി ആര്‍ഡിഒ എം പി വിനോദ് എന്നിവര്‍ സ്ഥലത്ത് ക്യമ്പ് ചെയ്യുന്നുണ്ട്. ട്രയല്‍ റണിന്റെ മുന്നോടിയായി ജീപ്പില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തും, അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിന് ശേഷമേ ഡാം തുറക്കൂ.

വെള്ളം തുറന്നുവിടുന്ന സമയത്ത് ആളുകള്‍ പുഴയില്‍ പോകരുതെന്നും, സെല്‍ഫി എടുക്കാനും വീഡിയോ എടുക്കാനും അനുവദിക്കില്ലെന്നും, അടിയന്തര സാഹചര്യമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, ഇടുക്കി ഡാമില്‍ വെള്ളം 2400 അടിയില്‍ എത്തുന്നതിനുമുമ്പുതന്നെ ആവശ്യമെങ്കില്‍ തുറന്നുവിടുമെന്നും, അതിനുള്ള എല്ലാ ക്രമീകരണങ്ങളും തയ്യാറായിട്ടുണ്ടെന്നും മന്ത്രി എം എം മണി പറഞ്ഞിരുന്നു.

Top