ഇടുക്കി ഡാമിലെ ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് കെഎസ്ഇബി

idukki dam

ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,398 അടിയായാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ കെ.എസ് പിള്ള. നീരൊഴുക്ക് കൂടിയാലും കുറഞ്ഞാലും 2,398 അടിയായാല്‍ ചെറുതോണി അണക്കെട്ട് തുറന്ന് ട്രയല്‍ റണ്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജലനിരപ്പ് 2397 അടിയാകുമ്പോള്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കും. മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ചെറുതോണി അണക്കെട്ടിലെ നടുവിലെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. നാല് മണിക്കൂര്‍ ഷട്ടര്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഷട്ടര്‍ ഉയര്‍ത്തുന്നത് പത്ത് മിനിറ്റ് നീണ്ടു നില്‍ക്കുന്ന പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു.

മഴയും അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ട് തുറക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു കെഎസ്ഇബിയും. അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പാഴാക്കിയാല്‍ കെഎസ്ഇബിക്ക് വന്‍ നഷ്ടമുണ്ടാകുമെന്നാണ് ജനറേഷന്‍ വിഭാഗത്തിന്റെ വാദം. എന്നാല്‍ സുരക്ഷാ ഭീഷണി കണക്കിലെടുത്തു ജലനിരപ്പ് 2400 അടിയിലെത്തുന്നതിനു മുന്‍പു തുറക്ക ണമെന്നാണു ഡാം സുരക്ഷാ വിഭാഗം ആവശ്യപ്പെട്ടത്. മാത്രമല്ല, ശനിയാഴ്ച വരെ അണക്കെട്ടു തുറക്കേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിസഭായോഗവും വിലയിരുത്തിയത്.

Top