ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 2397.06 ആണ്. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്.

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്. നിലവില്‍ 137.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഉച്ചക്ക് ഒരു മണിക്കൂറിനുള്ളില്‍ 16000 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്.

രാവിലെ ജലനിരപ്പ് 136.1 അടിയായിരുന്നു. ഉച്ചവരെ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നത് 0.7 അടിയായിട്ടാണ്. തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൊണ്ടു പോകുന്നത് 2200 ഘനയടി വെള്ളമാണ്. ശക്തമായ മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയരുമെന്ന ആശങ്കയിലാണ്.

കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ പീച്ചി ഡാമിന്റെ ഷട്ടറും ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, ഡാമുകളെല്ലാം സുരക്ഷിതമാണെന്നാണ് വൈദ്യുത മന്ത്രി എംഎം മണി പറഞ്ഞത്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുപ്പത് വര്‍ഷത്തിന് ശേഷം ചുള്ളിയാര്‍ അണക്കെട്ടിന്റെ ഷട്ടറും തുറന്നു. ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടറും ഇന്ന് തുറന്നിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 1599 അടിയായി ഉയര്‍ന്നതോടെയാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 1599.59 അടിയാണ്. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

Top