വൈദ്യുതോല്പാദനത്തെ പ്രതിസന്ധിയിലാക്കി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു

IDUKKI-DAM

ഇടുക്കി: ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള വൈദ്യുതോല്പാദനം പ്രതിസന്ധിയില്‍. 12.7 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്.

വൈദ്യുതോല്പാദനം പ്രതിദിനം മൂന്ന് ദശലക്ഷം യൂണിറ്റാക്കി കുറച്ചാണ് അണക്കെട്ടിലെ ജലനിരപ്പ് അടിത്തട്ടിലെത്താതെ കാക്കുന്നത്. അടുത്ത രണ്ട് മാസത്തേക്ക് കൂടി വൈദ്യുതി ഉല്പ്പാദിപ്പിക്കാന്‍ ഡാമിലുള്ള വെള്ളം മതിയാകും. എന്നാല്‍ ഗ്രിഡില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് കുറയുകയും ഇടുക്കിയില്‍ നിന്ന് വൈദ്യുതോല്‍പാദനം കൂട്ടേണ്ടി വരികയും ചെയ്താല്‍ പത്ത് ദിവസത്തിനുള്ളില്‍ അടിത്തട്ട് തെളിയും.

നിലവില്‍ 2303 അടിയാണ് ജലനിരപ്പ്. മഴ കുറഞ്ഞതിനൊപ്പം നീരൊഴുക്ക് നിലച്ചതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. കഴിഞ്ഞ ദിവസങ്ങളിലൊന്നും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ലഭിച്ചിട്ടില്ല. അടുത്ത ദിവസങ്ങളില്‍ മഴയെത്തുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിലാണ് ഇപ്പോള്‍ കെഎസ്ഇബിയുടെയും നാട്ടുകാരുടെയും പ്രതീക്ഷ.

Top