idukki – dam – water level down

ഇടുക്കി: സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലാശയത്തില്‍ ജലം ക്രമാതീതമായി താഴുന്നത് വൈദ്യുത പ്രതിസന്ധിക്ക് കാരണമാകുമെന്ന് സൂചന. പത്തുദിവസത്തിനുള്ളില്‍ നാലു ശതമാനം ജലമാണ് ഇടുക്കി അണക്കെട്ടില്‍ താഴ്ന്നത്.

ബാഷ്പീകരണ നഷ്ടം നിമിത്തമാണ് ഇടുക്കി ജലാശയത്തില്‍ ജലം താഴുന്നത്. മഴ വൈകിയാല്‍ സംസ്ഥാനത്ത് കടുത്ത വൈദ്യുത പ്രതിസന്ധിയുണ്ടാകാന്‍ ഇത് കാരണമാകുമെന്നാണ് വകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന.

കഴിഞ്ഞയാഴ്ച 33 ശതമാനമായിരുന്ന ജലനിരപ്പ് ഇപ്പോള്‍ 29.1 ലേക്ക് താഴ്ന്നു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവിലും കുറവുണ്ട്. ഇന്നലെ 38.627 ദശലക്ഷം ക്യുബിക്ക് അടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 2328 അടിയാണ് ഇപ്പോള്‍ ജലനിരപ്പ്.

കഴിഞ്ഞ വര്‍ഷം ഈ സമയം 2350 അടി ജലം അണക്കെട്ടിലുണ്ടായിരുന്നു. ജലനിരപ്പ് 2280ലും താഴെയെത്തിയാല്‍ വൈദ്യുതോല്‍പ്പാദനം നിര്‍ത്തേണ്ടിവരും.

മഴ ഇനിയും വൈകിയാല്‍ ജലനിരപ്പ് അതിവേഗം കുറയുമെന്ന് വൈദ്യുതവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധി രൂക്ഷമാകും.

ഇനി 40 ദിവസത്തില്‍ താഴെ മാത്രം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം മാത്രമേ ഇടുക്കി അണക്കെട്ടിലുള്ളൂ.

Top