സകല കണക്ക് കൂട്ടലുകളും തകര്‍ത്ത് . . . കുതിച്ചുയരുന്ന ജലനിരപ്പ്, ചങ്കിടിച്ച് കേരളം

rain

ഇടുക്കി: കേരളത്തിന്റെ ചങ്കിടിപ്പിച്ചുകൊണ്ട് ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു. ട്രയല്‍ റണ്‍ നടത്തി ഒരു ഷട്ടര്‍ തുറന്ന് ജലമൊഴുക്കി വിട്ടിട്ടും ഇങ്ങനെ നീരൊഴുക്ക് ശക്തമായതില്‍ ഞെട്ടിയിരിക്കുകയാണ് അധികൃതര്‍.

ഈ സാഹചര്യത്തില്‍ മറ്റൊരു ഷട്ടര്‍ കൂടി തുറക്കാനാണ് തീരുമാനം. പിന്നെയും നിയന്ത്രണ വിധേയമായില്ലങ്കില്‍ കൂടുതല്‍ കടുത്ത നടപടിയിലേക്ക് പോകേണ്ടി വരും.

ഇന്നത്തേതിന്റെ ഇരട്ടി അളവില്‍ നീരൊഴിക്ക് തുടരുന്ന സാഹചര്യത്തില്‍ കെ.എസ്.ഇ.ബി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അസാധാരണ സാഹചര്യം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചതായി റവന്യൂ മന്ത്രി അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലന്നും എന്നാല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നുമാണ് ജില്ലാ കളക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ദ്രുതകര്‍മ്മ സേന, കരസേന, നാവികസേന, വ്യാമസേനാ വിഭാഗങ്ങളോട് സര്‍വ്വ സന്നാഹങ്ങള്‍ ഒരുക്കി തയ്യാറായി നില്‍ക്കാന്‍ കേന്ദ്രവും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറം ഉള്‍പ്പെടെ ഉരുള്‍പ്പൊട്ടലും മഴക്കെടുതിയും ഉണ്ടായ സ്ഥലങ്ങളില്‍ രാവിലെ തന്നെ പട്ടാളം ഇറങ്ങിയിരുന്നു.

ഇടുക്കി ഡാമില്‍ നിന്നും ജലം കുതിച്ച് പാഞ്ഞാല്‍ അത് ഇടുക്കിയില്‍ മാത്രമല്ല, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലും കൊടും നാശം വിതക്കും. ഇപ്പോള്‍ ഒരു ഷട്ടര്‍ തുറന്നപ്പോള്‍ തന്നെ ആലുവയും നെടുമ്പാശ്ശേരി വിമാനത്താവള പരിസരവും അടക്കം വെള്ളത്തിലായ അവസ്ഥയിലാണ്.

WhatsApp Image 2018-08-09 at 10.26.31 PM

ഇടുക്കി അണക്കെട്ടില്‍ നിന്ന് ട്രയല്‍ റണ്ണിന്റെ ഭാഗമായി ചെറുതോണിയിലെ ഒരു ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ജലനിരപ്പ് ഉയരുകയാണ്. ഉച്ചയ്ക്ക് 12.30ന് ഷട്ടര്‍ ഉയര്‍ത്തുമ്പോള്‍ 2398.98 അടിയായിരുന്ന ജലനിരപ്പ് 4 മണിയോടെ 2399.40 ആയി ഉയര്‍ന്നു.

രാത്രി എട്ട് മണിയ്ക്കുള്ള കണക്ക് അനുസരിച്ച് 2400 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. ഒമ്പത് മണിയായപ്പോള്‍ 2400.10 അടിയായി ഉയര്‍ന്ന ജലനിരപ്പ് പതിനൊന്നു മണിയായപ്പോള്‍ 2400.28ല്‍ എത്തിയത് പരക്കെ ആശങ്ക വിതച്ചിരിക്കുകയാണ്.

കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ തന്നെയാണ് സാധ്യത.

മൂന്നാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലം വീതമാണ് ഒഴുക്കിവിടുന്നത്. 26 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.

വൈകിട്ട് 4.30ന് ട്രയല്‍ റണ്‍ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നീരൊഴുക്കു തുടരുന്നതിനാല്‍ രാത്രിയിലും ട്രയല്‍ റണ്‍ തുടരാനാണു തീരുമാനം.

അതേസമയം, ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീന്‍പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

WhatsApp Image 2018-08-09 at 10.26.12 PM

മാത്രമല്ല, ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ മൂന്നാമത്തെ ജലസംഭരണിയായ പമ്പ ഡാം തുറക്കുന്നതിനു മുന്നോടിയായി അവിടെയും റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജലനിരപ്പ് 986 മീറ്റര്‍ കടന്നതിനെ തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

മലമ്പുഴ അണക്കെട്ടിനു സമീപം ഉരുള്‍പൊട്ടിയതിനു പിന്നാലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളില്‍ സൈന്യത്തിന്റെ സേവനം തേടിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണസേന കോഴിക്കോട്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഇതുവരെ 20 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം 10 പേര്‍ മരിച്ചു. മലപ്പുറത്ത് മഴ കവര്‍ന്നെടുത്തത് ഒരു കുടുംബത്തിലെ അഞ്ചുപേരെയാണ്.

വയനാട്ടിലും മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തു. മാനന്തവാടി തലപ്പുഴ മക്കിമലയില്‍ ഉരുള്‍പൊട്ടി ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങി. പെരിയാര്‍വാലിയില്‍ രണ്ടുപേരെയും കാണാതായിട്ടുണ്ട്.

അതേസമയം, ഇടുക്കി ഡാമില്‍ നിന്നു വെള്ളിയാഴ്ച രാവിലെ മുതല്‍ കൂടുതല്‍ വെള്ളം തുറന്നുവിടും. രാവിലെ ഏഴ് മണി മുതല്‍ 100 ക്യുമെക്‌സ് വെള്ളമായിരിക്കും തുറന്നുവിടുക.

കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് ഇതെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.

സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമായിരിക്കും ഡാമില്‍ നിന്നു പുറത്തെത്തുക. അതായത് ഇന്നത്തേതിന്റെ ഇരട്ടി അളവിലായിരിക്കും വെള്ളം പുറത്തെത്തുക.Related posts

Back to top