ഇടുക്കി ഡാമിലെ ജലനിരപ്പ് 2395 അടിയായി ഉയര്‍ന്നു; ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് കെഎസ്ഇബി അതിജാഗ്രതാ നിര്‍ദ്ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചു.

തിങ്കളാഴ്ച രാത്രി ഒന്‍പത് മണിക്ക് നടത്തിയ പരിശോധനയിലാണ് അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായി ഉയര്‍ന്നത്. ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

രാത്രി ഏഴിന് 2394.92, വൈകീട്ട് ആറിന് 2394.90, അഞ്ചിന് 2394.86 അടി എന്നിങ്ങനെയായിരുന്നു ജലനിരപ്പ്. ഇന്നു മൂന്നുമണിവരെയുള്ള കണക്കുകള്‍ പ്രകാരം 2394.80 അടിയായിരുന്നു ജലനിരപ്പ്.

ജലനിരപ്പ് ഇനിയും ഉയര്‍ന്ന് 2399 അടിയാകുമ്പോള്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം (റെഡ് അലര്‍ട്ട്) നല്‍കും. പെരിയാറിന്റെ തീരത്ത്, അപകടമേഖലയില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നത് ഈ ഘട്ടത്തിലാണ്.

മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുക. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനാണ് തീരുമാനം.

Top