ശക്തമായ മഴ തുടരുന്നു; ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്

ചെറുതോണി: ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. നിലവിലെ ജലനിരപ്പ് 2397.48 അടിയാണ്.

നീരൊഴുക്ക് ശക്തമായതോടെ നാളെ രാവിലെ 11 മണിക്കാണ് ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനമായത്. രണ്ട് ഷട്ടറുകള്‍ 50 സെ.മീ വീതം ഉയര്‍ത്തും. 64 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും.വെള്ളം ഒഴുകുന്നതിനുള്ള തടസം നീക്കും.

ജില്ലാ ഭരണകൂടം ഇടുക്കി അണക്കെട്ടിനു സമീപ വാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ടെന്നും പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇപ്പോഴത്തെ നിലയില്‍ രാവിലെ 7 മണിക്ക് ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വിലെത്തും. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇടുക്കിയില്‍നിന്ന് വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിലെല്ലാമാണ് ജാഗ്രതാനിര്‍ദേശം. പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.

Top