വൻ അപകടം അരികെ ? ഇടുക്കി ഡാമിൽ ജലനിരപ്പ് 2393 അടി ആയി . .

idukki dam

ചെറുതോണി: ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമെടുത്താല്‍ ഇപ്പോഴത്തെ ജലനിരപ്പ് 2393 അടിയാണ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. 135.9 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാല്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് സൂചന.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,400 അടിയിലെത്തും മുന്‍പേ ഷട്ടറുകള്‍ തുറക്കുമെന്നാണ് വൈദ്യുതിമന്ത്രി എം.എം. മണി വ്യക്തമാക്കിയത്. ജലനിരപ്പ് 2,400 അടിയിലെത്താന്‍ കാത്തിരിക്കില്ലെന്നും ഇക്കാര്യത്തില്‍ വേണ്ട നടപടികളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

59 ദശലക്ഷത്തിലേറെ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടില്‍ ഉള്ളത്. മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം 14.58 ദശലക്ഷം യൂണിറ്റായിരുന്നു. പ്രതിദിനം 50 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള വെള്ളമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

കനത്ത മഴ തുടര്‍ന്നാല്‍ ഇടുക്കിക്കു പുറമേ ശബരിഗിരി, ഇടമലയാര്‍ ജലവൈദ്യുത നിലയങ്ങളുടെ സംഭരണികളും വൈകാതെ തുറന്നുവിടുമെന്നാണ് സൂചന. ഇടുക്കി ഡാം തുറന്നുവിട്ടാല്‍ അതൊരു അപൂര്‍വതകൂടിയാണ്. 26 വര്‍ഷത്തിനു ശേഷമാണ് ഇടുക്കി ഡാം തുറക്കുക. മുന്‍പ് 1981, 1992 വര്‍ഷങ്ങളില്‍ തുറന്നിരുന്നു. അതേസമയം നീരൊഴുക്ക് കുറഞ്ഞാല്‍ അണക്കെട്ട് തുറക്കുന്നത് പരമാവധി ഒഴിവാക്കുമെന്നും മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 142 അടി എത്തുന്നതിന് മുന്‍പ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവരുമെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.

Top