മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല: എം. എം മണി

ഇടുക്കി: മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി. ഡാമുകളെല്ലാം സുരക്ഷിതമാണെന്നും പരമാവധി കേന്ദ്ര സഹായം വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുപ്പത് വര്‍ഷത്തിന് ശേഷം ചുള്ളിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടറും ഇന്ന് തുറന്നിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 1599 അടിയായി ഉയര്‍ന്നതോടെയാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 1599.59 അടിയാണ്. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മാട്ടുപ്പെട്ടി ഡാം തുറന്നു വിട്ടതിനെ തുടര്‍ന്നാണ് ദേശീയപാതയില്‍ വെള്ളം കയറിയത്.

കൂടാതെ അടിമാലി കൊരങ്ങാട്ടി ആദിവാസി മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി. തടയണ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. അടിമാലി കൊന്നത്തടിയില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് വീടുകള്‍ തകര്‍ന്നു. മൂന്നാര്‍ ഗവണ്‍മെന്റ് കോളജിനു മുന്നില്‍ മണ്ണിടിച്ചിലും ഉണ്ടായി. മൂന്നാര്‍ ടൗണില്‍ വാഹനഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.

Top