ആശങ്ക വര്‍ധിക്കുന്നു. . . ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,394.86 അടിയിലെത്തി!

IDUKKI-DAM

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു.2,394.80 അടിയായിരുന്ന ജലനിരപ്പ് ഇപ്പോള്‍ 2,394.86 അടിയിലെത്തിയിരിക്കുകയാണ്.

ജലനിരപ്പ് 2395 അടിയിലെത്തിയാലുടന്‍ കെഎസ്ഇബി ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കും. ജലനിരപ്പ് 2399 അടിയാകുമ്പോള്‍ റെഡ് അലര്‍ട്ടും നല്‍കും. പെരിയാറിന്റെ തീരത്ത്, അപകടമേഖലയില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിപ്പാര്‍പ്പിക്കുന്നത് ഈ ഘട്ടത്തിലാണ്. മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുക. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനാണു തീരുമാനം.

ദേശീയ ദുരന്തസേനയുടെ ഒരുസംഘത്തെ ആലുവയില്‍ വിന്യസിച്ചിട്ടുണ്ട്, ഒരു സംഘം ഇന്നലെ രാത്രി ഇടുക്കിയിലെത്തി. മറ്റൊരു സംഘം തൃശൂരില്‍ തയാറാണ്. കര, നാവിക, വ്യോമസേനകളുടെയും തീരസേനയുടെയും സഹായം സംസ്ഥാന സര്‍ക്കാര്‍ തേടിയിട്ടുണ്ട്. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും നാലു കമ്പനി കരസേനയും രക്ഷാപ്രവര്‍ത്തനത്തിനു തയ്യാറാണ്.

അതേസമയം, ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറക്കുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുല്ല അറിയിച്ചിരുന്നു. അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പരത്തരുതെന്നും, അണക്കെട്ടുകളുടെ ഷട്ടര്‍ ഉയര്‍ത്തേണ്ടി വന്നാല്‍ ഇതുസംബന്ധിച്ച മുന്നറിയിപ്പ് ഔദ്യോഗികമായി മാധ്യമങ്ങളിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Top