ഇടുക്കിയിലെ ഭൂചലനം: ഭയം വേണ്ടെന്ന് കെഎസ്ഇബി

ചെറുതോണി: ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലുണ്ടായ ഭൂചലനത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നും ഇടുക്കി ഡാം സുരക്ഷിതമാണെന്നും വൈദ്യുതി മന്ത്രി എം. എം. മണി. ഭൂചലനമുണ്ടാകുന്നതിനെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂന്ന് തവണയായാണ് ഇടുക്കി അണക്കെട്ടിന് സമീപമുള്ള മേഖലയില്‍ ഭൂചലനമുണ്ടായത്. ഫെബ്രുവരി 27ന് രണ്ട് തവണയുണ്ടായ ഭൂചനത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത് രണ്ട്. 1.5 തീവ്രതയില്‍ 28-ന് രാത്രിയും ഭൂചനമുണ്ടായി. പ്രഭവ കേന്ദ്രമായ കാല്‍വരി മൗണ്ടിന് സമീപത്തെ വീട്ടില്‍ വിള്ളല്‍ വീണു. ഇതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.

ഇടുക്കി അണക്കെട്ടില്‍ പതിവില്‍ കൂടുതല്‍ വെള്ളമുള്ളതാണോ ഭൂചനത്തിന് കാരണമെന്നാണ് നാട്ടുകാരുടെ സംശയം.”സാധാരണ ഉള്ളതില്‍ കവിഞ്ഞുള്ള വെള്ളമേ അണക്കെട്ടിലുള്ളൂ. അതില്‍ കൂടുതലൊന്നുമില്ലെന്ന് മന്ത്രി വിശദീകരിച്ചു. വൈദ്യുതി ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുവല്ലേ. അപ്പോള്‍ വെള്ളം പോയ്‌ക്കൊണ്ടും ഇരിക്കുകയാണ്” എന്നും മന്ത്രി പറഞ്ഞു. ഇടുക്കിയില്‍ ഇതിന് മുമ്പും നേരിയ തോതിലുള്ള ഭൂചനമുണ്ടായിട്ടുണ്ട്. 2011 ല്‍ നേരിയ തോതില്‍ ചലനമുണ്ടായത് 26 തവണയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഭൂചലനമുണ്ടായതിന്റെ പുതിയ സാഹചര്യം പഠിക്കുകയാണെന്നും തുടര്‍ ചലനങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും കെഎസ്ഇബി ഗവേഷണ വിഭാഗം അറിയിച്ചു.

Top