ഇടുക്കിയില്‍ ബാങ്കിടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം

തൊടുപുഴ: ഇടുക്കി ജില്ലയില്‍ നേരിട്ടുള്ള ബാങ്കിടപാടുകള്‍ക്ക് ജില്ലാ കളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കൊറോണ മുന്‍കരുതലിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആളുകള്‍ കൂട്ടമായി ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. അത്യാവശ്യക്കാര്‍ മാത്രം ബാങ്കിനുള്ളില്‍ പ്രവേശിക്കുക, ഒരേ സമയം അഞ്ച് ഇടപാടുകാര്‍ മാത്രമേ ബാങ്കിനുള്ളില്‍ നില്‍ക്കാവൂ തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് നിയന്ത്രണങ്ങളില്‍ ഉള്ളത്.

ബാങ്കുകള്‍ക്കകത്ത് ഇടപാടുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുക. പാസ് ബുക്ക് പ്രിന്റിംഗ്, ബാലന്‍സ് പരിശോധന എന്നിവയ്ക്കായി ബാങ്കില്‍ പോകുന്നത് ഒഴിവാക്കുക. ബാങ്കിന്റെ ചുവരുകള്‍, മേശ, കൗണ്ടര്‍ എന്നിവയില്‍ സ്പര്‍ശനം ഒഴിവാക്കുക. നിരീക്ഷണത്തിലുള്ളവര്‍ ഒരു കാരണവശാലും ബാങ്ക് സന്ദര്‍ശിക്കരുത്.

ജലദോഷം, പനി, ചുമ എന്നീ രോഗലക്ഷണങ്ങളുള്ളവര്‍ ബാങ്ക് സന്ദര്‍ശിക്കരുത്, ഇടപാടുകള്‍ക്ക് മുമ്പും ശേഷവും കൈകള്‍ വൃത്തിയാക്കണം. പരമാവധി ഡിജിറ്റല്‍ ഇടപാടുകള്‍ ഉപയോഗപ്പെടുത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച മുതല്‍ മൂന്നാര്‍ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയേ തുറന്ന് പ്രവര്‍ത്തിക്കാവൂ എന്ന് ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Top