അതിർത്തി തർക്കം; ഇടുക്കിയില്‍ യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് നാല് സഹോദരിമാര്‍

ഇടുക്കി: മറയൂരില്‍ അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസിയായ യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് നാല് സഹോദരിമാര്‍. കാപ്പിക്കമ്പ് കൊണ്ടുള്ള അടിയേറ്റ് മറയൂര്‍ സ്വദേശി മോഹന്‍ രാജിന്റെ തലപൊട്ടി. യുവതികള്‍ക്കെതിരെ മറയൂര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

സംഭവത്തില്‍ സഹോദരികളായ ജയറാണി, യമുന, വൃന്ദ, ഷൈലജ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇടുക്കിയില്‍ നിന്നുള്ള വനിതാ പൊലീസിന്റെ സഹായത്തോടെ ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തുമെന്നും മറയൂര്‍ പൊലീസ് അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. യുവതികളുടെ കുടുംബം അയല്‍വാസികളും തമ്മില്‍ കാലങ്ങളായി അതിര്‍ത്തി തര്‍ക്കമുണ്ട്. അടുത്തിടെ കമ്പിവേലി കെട്ടുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയും വിഷയം കോടതിയിലെത്തുകയും ചെയ്തിരുന്നു.

തര്‍ക്കം പരിഹരിക്കാന്‍ കോടതി നിയോഗിച്ച കമ്മീഷന്‍ സ്ഥലം അളന്ന് പോയതിന് പിന്നാലെ അയല്‍വാസികളും യുവതികളും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടായി. ഇതാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. കമ്മീഷനെ വിളിച്ചുകൊണ്ടുവന്ന മോഹന്‍ രാജിനെ യുവതികള്‍ ഓടിച്ചിട്ട് തല്ലി. തലയടിച്ച് പൊട്ടിച്ചു.

 

Top