IDI (Inspector Dawood Ibrahim) in internet

ആലപ്പുഴ: ജയസൂര്യയുടെ പുതിയ സിനിമ ‘ഇടി’ (ഇന്‍സ്‌പെക്ടര്‍ ദാവൂദ്) ഫെയ്‌സ് ബുക്കിലെ പുതിയ സംവിധാനമായ ലൈവ് സ്ട്രീമിങ് വഴി ചോര്‍ത്തിയതായി പരാതി.

ഇന്നലെ രാവിലെ ഏഴു മണിയോടെ ചിത്രം ചോര്‍ന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാവായ ഇറോസും സാങ്കേതിക പ്രവര്‍ത്തകരും ആന്റി പൈറസി സെല്ലിലും സൈബര്‍ സെല്ലിലും പരാതി നല്‍കി. കാസര്‍കോട്ടെ ചെക്കന്‍ എന്ന ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ചിത്രം ചോര്‍ന്നത്.

കേരളത്തില്‍ ആദ്യമായാണ് ഒരു സിനിമ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന അതേസമയം ഫെയ്‌സ് ബുക്ക് വഴി ചോരുന്നത്.

ദുബായിലും ഖത്തറിലും ചിത്രം വ്യാഴാഴ്ച റിലീസ് ചെയ്തതിനു തൊട്ടു പിന്നാലെയാണ് ഫെയ്‌സ് ബുക്ക് വഴി അന്നു രാത്രി തന്നെ ചിത്രം പ്രചരിച്ചത്.

രാവിലെ പത്തരയോടെ ചിത്രത്തിന്റെ ലിങ്ക് പേജില്‍ നിന്ന് നീക്കി. പക്ഷേ, ഈ സമയത്തിനുള്ളില്‍ 20000ത്തിലധികം പേര്‍ ചിത്രം കണ്ടതായും അനേകം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായും സംവിധായകന്‍ സാജിദ് യഹിയ പറഞ്ഞു.

പേജ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ പൊലീസിന് ഈ സംഭവത്തില്‍ തങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് പേജില്‍ പോസ്റ്റു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ് ബുക്കില്‍ സമീപകാലത്ത് കൂട്ടിച്ചേര്‍ത്ത ലൈവ് സ്ട്രീമിങ്ങ് എന്ന സംവിധാനം ഉപയോഗിച്ച് രാത്രി ഒന്നരയോടെ ചിത്രം പ്രദര്‍ശിപ്പിക്കുകയായിരുന്നു. എച്ച് ഡി ക്യാമറയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ആന്റി പൈറസി സെല്ലിനൊപ്പം നിര്‍മാതാക്കളായ ഇറോസ് ഇന്റര്‍നാഷണലിന്റെ പ്രത്യേക സൈബര്‍ സംഘവും അന്വേഷണം നടത്തി. ചിത്രം അപ് ലോഡ് ചെയ്ത മൊബൈല്‍ ഫോണിനേയും ഉടമയേയും തിരിച്ചറിഞ്ഞിട്ടുണ്ട്.

Top