നടിയെ മാളിൽ വച്ച് അപമാനിക്കാൻ ശ്രമിച്ച യുവാക്കളെ തിരിച്ചറിഞ്ഞു

കൊച്ചി: യുവനടിയെ കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ചു അപമാനിച്ച സംഭവത്തിൽ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദിൽ എന്നിവരാണ് കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് മാളിൽ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത്. ജോലി ആവശ്യത്തിനായാണ് തങ്ങൾ കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താൻ ഒരുപാട് സമയമുള്ളതിനാലാണ് കൊച്ചി ലുലു മാളിലെത്തിയതെന്നും യുവാക്കൾ പറയുന്നു.

ഇവിടെ വച്ച് നടിയെ കണ്ടെന്നും അടുത്തു പോയി സംസാരിച്ചെന്നും യുവാക്കൾ പറയുന്നു. എന്നാൽ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു ദുരുദേശ്യത്തോടെയും അല്ല കൊച്ചിയിൽ എത്തിയതെന്നും യുവാക്കൾ പറയുന്നു. സംഭവം വലിയ വിവാദമായ കാര്യം ഇന്നലെയാണ് അറിഞ്ഞതെന്നും തുടര്‍ന്ന് പെരിന്തൽമണ്ണയിലെ ഒരു അഭിഭാഷകനെ പോയി കാണുകയും ചെയ്തുവെന്ന് യുവാക്കൾ പറയുന്നു.

Top