അരലക്ഷത്തിന് മുകളിലുള്ള ഇടപാടിന് തിരിച്ചറിയല്‍ രേഖ നിർബന്ധം ; കേന്ദ്ര ധനമന്ത്രാലയം

Aadhar card

ന്യൂഡല്‍ഹി: ധനകാര്യ സ്ഥാപനങ്ങളിൽ അരലക്ഷത്തിന് മുകളിലുള്ള ഇടപാട് നടത്തുന്നതിന് തിരിച്ചറിയല്‍രേഖയുടെ ഒറിജിനല്‍ ഹാജരാക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവ്.

ധനകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും പണമിടപാട് നടത്തുന്ന സഹകരണസ്ഥാപനങ്ങള്‍ക്കും പുതിയ നിയമം ബാധകമാണ്.

അന്‍പതിനായിരം രൂപയില്‍ കൂടുതല്‍ മറ്റൊരാളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ അക്കൗണ്ടിലൂടെയല്ലാതെ പിന്‍വലിക്കുകയോ ചെയ്യുന്നവരെ പിടികൂടുകയാണ് ലക്ഷ്യം.

ഒറിജിനല്‍ രേഖയുടെ പകര്‍പ്പ് ബാങ്ക് സൂക്ഷിക്കുകയും ഇടപാടു നടത്തിയ അക്കൗണ്ടില്‍ രേഖപ്പെടുത്തുകയും വേണം.

50,000 രൂപയില്‍ കൂടുതലുള്ള നിക്ഷേപത്തിന് പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്.

എന്നാൽ മിക്ക ബാങ്കുകാരും ഇടപാടുകാരുമായുള്ള പരിചയത്തിന്റെ പേരില്‍ പാന്‍കാര്‍ഡ് ഹാജരാക്കാന്‍ നിര്‍ബന്ധിക്കാറില്ല.

കൗണ്ടറിലൂടെ ബെയറര്‍ ചെക്ക് ഉപയോഗിച്ചുള്ള പണം പിന്‍വലിക്കലിന് രേഖകളൊന്നും ഇതേവരെ ചോദിച്ചിരുന്നില്ല. ബാങ്കുകള്‍ക്ക് ആവശ്യമുണ്ടെകിൽ മാത്രം തിരിച്ചറിയല്‍രേഖ വാങ്ങാമെന്നാണ് നിയമം.

തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പാണ്എല്ലാവരും ഹാജരാക്കിയിരുന്നത്. പകർപ്പിന്റെ ആധികാരികത പരിശോധിക്കുകയോ, ബാങ്ക് സൂക്ഷിക്കുകയോ ചെയ്തിരുന്നില്ല.

ബാങ്കില്‍ ആധാറോ പാന്‍കാര്‍ഡോ ബന്ധിപ്പിക്കാതെ ഇടപാട് നടത്തുന്നവരെ പിടികൂടുന്നതിനാണ് പുതിയ നീക്കം .

രണ്ടുമാസത്തിലേറെ പഴക്കമില്ലാത്ത വൈദ്യുതബില്‍, വാട്ടര്‍ ബില്‍, പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ബില്‍, ടെലിഫോണ്‍ ബില്‍ തുടങ്ങിയവയും തിരിച്ചറിയല്‍രേഖയായി ഉപയോഗിക്കാൻ സാധിക്കും.

Top