ദേശീയ തലത്തിൽ മാതൃകയായ രണ്ട് സൂപ്പർ ഹിറ്റ് പദ്ധതികളുടെ ‘ബുദ്ധികേന്ദ്രങ്ങൾ’ കേരളത്തിന്റെ അഭിമാനം

ദേശീയ തലത്തിൽ മാതൃകയായ രണ്ട് വൻ പദ്ധതികളുടെ ബുദ്ധി കേന്ദ്രങ്ങളായത് കേരള കേഡറിലെ രണ്ട് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരായിരുന്നു എന്നതിൽ, കേരളത്തിന് എക്കാലത്തും അഭിമാനിക്കാൻ വകയുള്ള കാര്യമാണ്. സ്ത്രീ ശാക്തീകരണത്തിൽ രാജ്യത്തിനു തന്നെ മാതൃകയായ കുടുംബശ്രീ പദ്ധതിയുടെ സൃഷ്ടാവ് എന്നു തന്നെ മുൻ മലപ്പുറം കളക്ടറും ആഭ്യന്തര സെക്രട്ടറിയും ഒക്കെയായിരുന്ന ടി.കെ ജോസിനെ വിശേഷിപ്പിക്കാവുന്നതാണ്. ഇദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകാരം കൂടിയാണ്. സർവ്വീസിൽ നിന്നും വിരമിച്ച ശേഷം സർക്കാർ ഇപ്പോൾ നൽകിയിരിക്കുന്ന ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോററ്റി ചെയർമാൻ സ്ഥാനം.

31 വർഷത്തെ തന്റെ ഔദ്യോഗിക ജീവിതത്തിൽ ഒട്ടേറെ സുപ്രധാന പദവികൾ വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും, കുടുംബശ്രീക്ക് മേൽവിലാസം ഉണ്ടാക്കിയ ഉദ്ദ്യോഗസ്ഥനായാണ് ടി.കെ ജോസ് ഇന്നും അറിയപ്പെടുന്നത്. കാൽ നൂറ്റാണ്ട് പിന്നിടുന്ന കുടുബശ്രീയുട രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകുന്ന ഈ ഘട്ടത്തിൽ, ടി.കെ ജോസിനും അഭിമാനിക്കാൻ ഏറെയുണ്ട്. ആഘോഷത്തിന്റെ ഭാഗമായി ജനുവരി 26ന് മൂന്ന് ലക്ഷം അയൽകൂട്ടങ്ങളിൽ നിന്നായി 46 ലക്ഷം കുടുംബശ്രീ വനിതകൾ ഒരേസമയം പങ്കെടുക്കുന്ന അയൽക്കൂട്ട സംഗമമാണ് നടക്കാൻ പോകുന്നത്. വരും വർഷങ്ങളിലും സ്ഥാപക ദിനമായ മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ നൽകിയ കത്ത് പരിഗണിച്ചാണ് സർക്കാർ തീരുമാനം.

1998-ലാണ് കുടുംബശ്രീ അതിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നത്.ദാരിദ്ര്യ ലഘൂകരണം ലക്ഷ്യമിട്ട് വളരെ എളിയ തോതിൽ ആരംഭിച്ച കുടുംബശ്രീ എന്ന പ്രസ്ഥാനം ഇന്ന് നമ്മുടെ സംസ്ഥാനത്തെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായാണ് മാറിയിരിക്കുന്നത്. സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവും ജനാധിപത്യപരവുമായ വളർച്ചയിൽ കുടുംബശ്രീ പ്രസ്ഥാനം നൽകിയ സംഭാവനയ്ക്ക് തുല്യമെന്ന് അവകാശപ്പെടാവുന്ന ഇതര സംരംഭങ്ങൾ ചരിത്രത്തിൽ അപൂർവമാണ്. കേരളത്തിന്റെ സമസ്ത മേഖലകളിലും ഫലപ്രദമായി ഇടപെടുവാനുള്ള ശേഷി ഈ പ്രസ്ഥാനം വഴി സ്ത്രീകൾ ഇതിനകം തന്നെ ആർജിച്ചു കഴിഞ്ഞിട്ടുണ്ട്.

അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കൂടിയായിരുന്ന സി.പി.എമ്മിന്റെ മുതിർന്ന നേതാവ് പാലൊളി മുഹമ്മദ് കുട്ടി മുൻപ് ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കുടുംബ ശ്രീ പദ്ധതി രൂപം കൊടുക്കുന്ന ഘട്ടത്തിൽ ഡയറക്ടറിയിരുന്ന ടി.കെ ജോസിന്റെ സംഭാവനകളെ എടുത്ത് പറഞ്ഞ് അഭിനന്ദിച്ചിട്ടുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥരായിരുന്ന എസ്.എം വിജയാനന്ദ്, ശാരദാ മുരളീധരൻ എന്നിവരുടെ സേവനങ്ങളെയും അദ്ദേഹം പ്രതേകം അഭിനന്ദിക്കുകയുണ്ടായി.

1998-ൽ .മലപ്പുറം കോട്ടക്കുന്ന് മൈതാനത്തുവെച്ചു ചേർന്ന വനിതകളുടെ മഹാസമ്മേളത്തിൽ വച്ച് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയ് ആണ് കുടുംബശ്രീയുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നത്. ഉദ്ഘാടന ശേഷം ഈ പദ്ധതിക്ക് കേന്ദ്രത്തിന്റെ ഒരു നല്ല സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് പാലൊളി ആവശ്യപ്പെട്ടപ്പോൾ, ഒരാഴ്ചയ്ക്കകം 98 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നത്. ഇന്നത്തെ കാലവുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ ഒരു തുക തന്നെയാണത്.

2006 ൽ വീണ്ടും ഇടതുപക്ഷം അധികാരത്തിലെത്തിയതോടെയാണ് കുടുംബശ്രീയെ സ്ത്രീകളുടെ ഏറ്റവും വലിയ ഒരു ജനാധിപത്യ പ്രസ്ഥാനമാക്കി മാറ്റുവാൻ തീരുമാനിച്ചിരുന്നത്. അതിന്റെ ഫലമായി വിവിധ തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിൽ വ്യത്യസ്ത നിയമാവലികളോടെ പ്രവർത്തിച്ചു വന്നിരുന്ന കുടുംബശ്രീ ഘടകങ്ങൾക്ക് സംസ്ഥാനത്താകെ ഒരൊറ്റ നിയമാവലിയും നടപ്പിലാക്കുകയുണ്ടായി. കുടുംബശ്രീക്ക് 3 വർഷത്തിലൊരിക്കൽ വളരെ സുതാര്യമായി നടക്കുന്ന ഒരു തിരഞ്ഞെടുപ്പുഉറപ്പാക്കിയതും ഈ കാലത്താണ്.

രാജ്യാന്തരതലത്തില്‍ തന്നെ പുരസ്‌കാരങ്ങള്‍ നേടിയ കുടുംബശ്രീയുടെ പ്രവര്‍ത്തനം, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും ഇതിനോടകം തന്നെ മാതൃകയാക്കിയിട്ടുണ്ട്. ഇപ്പോഴും അത്തരം ശ്രമങ്ങള്‍ പല സംസ്ഥാനങ്ങളും തുടരുകയുമാണ്. മലപ്പുറം കലക്ടര്‍ ആയിരിക്കെയാണ് , ടി.കെ ജോസ് എന്ന ഐ.എ.എസ് ഉദ്ദ്യോഗസ്ഥന്‍, കുടുംബശ്രീ എന്ന ആശയം സര്‍ക്കാരിന് മുന്‍പാകെ സമര്‍പ്പിച്ചിരുന്നത്. മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ് കുട്ടിയും ഇടതുപക്ഷ നേതൃത്വവും ശക്തമായി പിന്തുണച്ചതോടെ , അധികം താമസിയാതെ പദ്ധതി നടപ്പാകുകയും ചെയ്തു. മികച്ച വികസന മാതൃകയ്ക്കുള്ള ഐക്യരാഷ്ട്ര സഭയുടെ പുരസ്‌ക്കാരം ലഭിച്ചത്, കുടുംബശ്രീയെ മറ്റൊരു തലത്തിലേക്കാണ് എത്തിച്ചിരുന്നത്. കേരളത്തിന്റെ ഈ അഭിമാന പദ്ധതി നിലനില്‍ക്കുന്നടത്തോളം കാലം, അതിന്റെ പ്രധാന ബുദ്ധികേന്ദ്രമായ ജോസും, ഓര്‍മ്മിക്കപ്പെടുക തന്നെ ചെയ്യും.

സ്ത്രീ ശാക്തീകരണത്തിന്റെ നിശബ്ദ വിപ്ലവമായിരുന്നു കുടുംബശ്രീ എങ്കിൽ, കുട്ടികളിൽ അച്ചടക്കം, നിയമബോധം, പൗരത്വബോധം, എന്നിവ വളർത്താനായി രൂപീകരിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ്. കേരളാ പൊലീസിന്റെ ഒരു ഉപവിഭാഗമായി പ്രവർത്തിക്കുന്ന ഈ പദ്ധതി രാജ്യവ്യാപകമായാണ് നടപ്പാക്കി വരുന്നത്. കുടുംബശ്രീ പദ്ധതിയുടെ ബുദ്ധി കേന്ദ്രം ഐ.എ.എസ് ഉദ്ദ്യോഗസ്ഥനായിരുന്ന ടി.കെ ജോസാണെങ്കിൽ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ബുദ്ധി കേന്ദ്രം പി.വിജയൻ ഐ.പി.എസ് ആണ്. സംസ്ഥാനത്ത് മാത്രമായി ആയിരത്തോളം സ്കൂളുകളിലാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.

70,000 പേരാണ് അംഗങ്ങൾ. ഏതു പ്രതിസന്ധിയെയും ഉറച്ച മനഃസാന്നിധ്യത്തോടെ തരണം ചെയ്യാനുള്ള പരിശീലനമാണ് കേഡറ്റുകൾക്ക് നൽകുന്നത്. അടിയന്തരഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് സേവനം എത്തിക്കുന്നതിനും സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ മുൻനിരയിൽ തന്നെയാണുള്ളത്. ഈ പദ്ധതിക്ക് തുടക്കം കുറിച്ചതും ഇടതുപക്ഷ ഭരണകാലത്തു തന്നെയാണ്.

കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ, വിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്ത് ഐ.പി.എസ് ഉദ്യോഗസ്ഥനായ പി. വിജയന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ആശയം സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ തീരുമാനിക്കുകയാണ് ഉണ്ടായത്. 2010-ൽ 100 സ്കൂളുകളിൽ ആരംഭിച്ച പദ്ധതിയാണ് ഇന്ന് രാജ്യവ്യാപകമായി പടർന്ന് പന്തലിച്ചിരിക്കുന്നത്.2018-ലാണ് സ്റ്റുഡന്റ് പൊലീസ് പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നത്.

റിപ്പോര്‍ട്ട് : എം വിനോദ്

 

Top