അമ്മയാകാൻ അനുയോജ്യമായ പ്രായം 22നും 30നുമിടയിൽ, അതിലും വൈകരുത്; അസം മുഖ്യമന്ത്രി

ഗുവാഹത്തി: സ്ത്രീകൾക്ക് അമ്മയാകാൻ അനുയോജ്യമായ പ്രായം 22നും 30നുമിടയിലാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ. മറ്റ് പ്രായത്തിലുള്ളവർ ​ഗർഭം ധരിക്കുന്നത് ആരോ​ഗ്യപരമായ സങ്കീർണതകളിലേക്ക് നയിക്കുമെന്നതിനാലാണ് ഇത് പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്യിക്കുന്നതും ശരിയായ പ്രായമെത്താതെ ​ഗർഭം ധരിക്കുന്നതും അവസാനിപ്പിക്കണമെന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

ശൈശവ വിവാഹങ്ങളും പ്രായപൂർത്തിയാകാത്ത മാതൃത്വവും തടയുന്നതിന് കർശനമായ നിയമങ്ങൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്‌സോ നിയമം ശക്തമാക്കുകയും കൂടി ചെയ്യുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. 14 വയസ്സിന് താഴെയുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണ്, അങ്ങനെ ചെയ്യുന്നത് ഭർത്താവാണെങ്കിലും. അടുത്ത അഞ്ച് ആറ് മാസത്തിനുള്ളിൽ ആയിരക്കണക്കിന് ഭർത്താക്കന്മാർ അറസ്റ്റിലാകും. ഒരു സ്ത്രീയുടെ വിവാഹത്തിനുള്ള നിയമപരമായ പ്രായം 18 വയസ്സാണ്, അതിലും പ്രായം കുറഞ്ഞ പെൺകുട്ടികളെ വിവാഹം കഴിക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാർ ജീവപര്യന്തം തടവ്ശിക്ഷ അനുഭവിക്കേണ്ടിവരും. അദ്ദേഹം പറഞ്ഞു.

സ്ത്രീകൾ അമ്മയാകാൻ കൂടുതൽ സമയം കാത്തിരിക്കരുത്. ഇത് സങ്കീർണതകളിലേക്ക് നയിക്കും. മാതൃത്വത്തിന് അനുയോജ്യമായ പ്രായം 22 വയസ്സ് മുതൽ 30 വയസ്സ് വരെയാണ്. വിവാഹപ്രായം എത്തിയിട്ടും അങ്ങനെ ചെയ്യാത്തവർ എത്രയും വേണം വിവാഹിതരാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “വളരെ ചെറുപ്പത്തിലെ അമ്മയാകുന്നതിനെതിരെ നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുന്നു. അതേ സമയം, പലരും ചെയ്യുന്നതുപോലെ സ്ത്രീകൾ അധികകാലം അതിനായി നീട്ടരുത്. എല്ലാത്തിനും അനുയോജ്യമായ പ്രായമുള്ള വിധത്തിലാണ് ദൈവം നമ്മുടെ ശരീരങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്,” ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞു.

14 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷൻമാർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാൻ അസം മന്ത്രിസഭ തിങ്കളാഴ്ച തീരുമാനിച്ചിരുന്നു. 14നും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്നവരെ 2006ലെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരം വിചാരണ ചെയ്യാനാണ് തീരുമാനം. ശൈശവവിവാഹം മൂലമുണ്ടാകുന്ന ഉയർന്ന മാതൃ-ശിശു മരണനിരക്ക് തടയാനാണ് ഈ തീരുമാനമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്ത് നടക്കുന്ന വിവാഹങ്ങളിൽ ശരാശരി 31 ശതമാനവും 14നും 18നും ഇടയിൽ പ്രായമുള്ള വധുക്കളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top