idea offer through flipkart

idea

പ്രമുഖ ഇകൊമേഴ്‌സ് സ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ടുമായി ചേര്‍ന്ന് ഐഡിയ പുതിയ ഡേറ്റ ഓഫര്‍ പ്രഖ്യാപിച്ചു. 1ജിബി 4ജി ഡേറ്റയുടെ പണം നല്‍കിയാല്‍ 15 ജിബി അതിവേഗ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്നതാണു ഐഡിയയുടെ പുതിയ ഓഫര്‍. 4ജി ഉപയോഗിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഫോണ്‍ ഫ്‌ലിപ്കാര്‍ട്ടില്‍നിന്നു വാങ്ങുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുന്നത്.

ഐഡിയുടെ 4ജി നെറ്റ്‌വര്‍ക്കിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണു പുതിയ ഓഫറെന്ന് കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ശശി ശങ്കര്‍ പറഞ്ഞു.

മാര്‍ച്ച് 31 വരെ പുതിയ ഓഫറിനു കാലാവധിയുണ്ടാകും. ഫ്‌ലിപ്കാര്‍ട്ടില്‍നിന്ന് 10000 എംഎഎച്ച് പവര്‍ ബാങ്ക് വാങ്ങുന്നവര്‍ക്ക് ഐഡിയ നെറ്റ് ഉപയോഗത്തില്‍ 70 ശതമാനം വരെ ഇളവു നല്‍കുന്ന പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ ആളുകള്‍ 4ജിയിലേക്കു ഫോണുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നുണ്ടെന്നും വരും നാളുകളില്‍ ഡേറ്റ ഉപയോഗത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നും ഫ്‌ലിപ്കാര്‍ട്ട് മൊബൈല്‍ വിഭാഗം മേധാവി അജയ് യാദവ് പറഞ്ഞു.

Top