ഇടമലയാര്‍ അണക്കെട്ട് തുറന്നു

കൊച്ചി: ഇടമലയാര്‍ അണക്കെട്ടില്‍ റൂള്‍ കര്‍വ് പിന്നിട്ടതിനാല്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ സ്പില്‍വേയുടെ രണ്ട്, മൂന്ന് ഷട്ടറുകളാണ് തുറന്നത്. 25 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 50 മുതല്‍ 100 ക്യുമെക്സ് വെള്ളമാണ് ഒഴുക്കുന്നത്.

തിങ്കളാഴ്ച 45 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് ഡാമിലെത്തിയത്. വൈകുന്നേരം ഡാമിലെ ജലനിരപ്പ് 163.40 മീറ്ററായിരുന്നു. ഇടമലയാര്‍ സ്പില്‍വേയ്ക്ക് നാല് ഷട്ടറുകളാണുള്ളത്. ജലനിരപ്പ് റൂള്‍ കര്‍വില്‍നിന്ന് താഴ്ന്നില്ലെങ്കില്‍ മറ്റ് ഷട്ടറുകള്‍ കൂടി തുറക്കും. ഇപ്പോള്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും ശക്തമാണ്.

ഇടമലയാര്‍ അണക്കെട്ടില്‍നിന്ന് ജലമൊഴുക്കുന്ന സാഹചര്യത്തില്‍ ഉച്ചയോടെ പെരിയാറിലെ ജലനിരപ്പ് ചെറിയ തോതില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തല്‍. ആശങ്കപ്പെടേണ്ടതില്ലെങ്കിലും പെരിയാര്‍ തീരത്ത് ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ രേണുരാജ് അറിയിച്ചു.

ഇടുക്കിയില്‍നിന്ന് ചൊവ്വാഴ്ച 500 ക്യുമെക്സ് ജലം പുറത്തേക്ക് ഒഴുക്കുമെന്നാണ് സൂചന. ഇടമലയാറില്‍നിന്ന് 50 മുതല്‍ 100 ക്യുമെക്സ് വരെ ജലം പെരിയാറിലേക്ക് ഒഴുക്കും. കാലാവസ്ഥ റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ അടുത്ത മൂന്നു ദിവസവും ഗ്രീന്‍ അലര്‍ട്ടാണ്. മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഡാമുകളില്‍നിന്നുള്ള വെള്ളം ഉള്‍ക്കൊള്ളാന്‍ പെരിയാറിനാകുമെന്ന് ജലസേചന വകുപ്പ് അധികൃതര്‍ പറഞ്ഞു.

 

Top