ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷ; തീരുമാനം സാഹചര്യം വിലയിരുത്തിയ ശേഷം

ന്യൂഡല്‍ഹി: നിലവിലെ സാഹചര്യം വിലയിരുത്തിയതിന് ശേഷം ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ (സി.ഐ.എസ്.സി.ഇ). പരീക്ഷയെ സംബന്ധിക്കുന്ന വിവരങ്ങള്‍ എത്രയും പെട്ടെന്ന് അറിയിക്കുമെന്ന് സി.ഐ.എസ്.സി.ഇ സെക്രട്ടറി ജെറി ആരത്തോണ്‍ പറഞ്ഞു.

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ പത്താം ക്ലാസ്സ് പരീക്ഷ റദ്ദാക്കാനും 12-ാം ക്ലാസ്സ് പരീക്ഷ മാറ്റിവെക്കാനുമുള്ള സി.ബി.എസ്.ഇ തീരുമാനത്തിന് പിന്നാലെയാണ് ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകള്‍ മാറ്റിവെക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്.

നിലവില്‍ മേയ് നാലിനാരംഭിച്ച് ജൂണ്‍ ഏഴിന് അവസാനിക്കുന്നത് രീതിയിലാണ് പത്താം ക്ലാസ്സ് പരീക്ഷ. 12-ാം ക്ലാസ്സ് പരീക്ഷ മേയ് എട്ടിനാരംഭിച്ച് ജൂണ്‍ 18-ന് അവസാനിക്കും. കോവിഡ് രോഗവ്യാപനത്തോത് കണക്കിലെടുത്ത് സി.ബി.എസ്.ഇക്ക് പുറമേ വിവിധ സംസ്ഥാന പരീക്ഷ മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സി.ഐ.എസ്.സി.ഇയും പരീക്ഷ റദ്ദാക്കണമെന്നാണ് കുട്ടികളുടെ ആവശ്യം.

 

Top