ഡെല്‍റ്റ പ്ലസ് വകഭേദത്തിന് കോവാക്‌സിന്‍ ഫലപ്രദമെന്ന് ഐ.സി.എം.ആര്‍ പഠനം

ന്യൂഡല്‍ഹി: കൊവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തിനെ ചെറുക്കന്‍ ഇന്ത്യയുടെ ആദ്യത്തെ തദ്ദേശ വാക്‌സിനായ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). ഐ.സി.എം.ആര്‍ നടത്തിയ പഠനത്തിലാണ് ഫലപ്രദമെന്ന് തെളിഞ്ഞത്.

കോവാക്‌സിന്‍ രണ്ട് ഡോസ് എടുത്തവരില്‍ നടത്തിയ പഠനത്തില്‍ ഡെല്‍റ്റ പ്ലസിനെതിരെ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതായി പഠനത്തില്‍ പറയുന്നു. ഐസിഎംആറിന്റെയും പൂനെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ആണ് കൊവാക്‌സിന്‍.

ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വേരിയന്റിന്റെ പരിവര്‍ത്തനം വന്ന രൂപമാണ് ഡെല്‍റ്റ പ്ലസ്. വര്‍ദ്ധിച്ച സംക്രമണക്ഷമതയാണ് ഇതിന്റെ സവിശേഷതയെന്ന് കഴിഞ്ഞ ആഴ്ച, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞു.

ജൂലൈയില്‍, ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി കോവാക്‌സിനെക്കുറിച്ച് നടത്തിയ പഠനത്തില്‍, രോഗലക്ഷണ അണുബാധയ്‌ക്കെതിരെ 77.8 ശതമാനം മൊത്തത്തിലുള്ള ഫലപ്രാപ്തി പ്രകടിപ്പിച്ചതായി പറയുന്നു. ബ്രസീല്‍, ഇന്ത്യ, ഫിലിപ്പീന്‍സ്, ഇറാന്‍, മെക്‌സിക്കോ എന്നിവയുള്‍പ്പെടെ 16 രാജ്യങ്ങളില്‍ കോവാക്‌സിന്‍ ഇപ്പോള്‍ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം സ്വീകരിച്ചിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു.

Top