നേരിയ ലക്ഷണങ്ങളോടെ കൊവിഡ് രോഗം പലരിലും വന്നുപോയിട്ടുണ്ടാകാമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: പലരിലും നേരിയ ലക്ഷണങ്ങളുമായി ഇതിനോടകം കൊവിഡ് രോഗം വന്നുപോയിട്ടുണ്ടാകാമെന്ന് ഐസിഎംആര്‍ സര്‍വേ. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ രോഗബാധ 15 മുതല്‍ 30 ശതമാനം വരെയെന്നും സര്‍വേയില്‍ പറയുന്നു. ഐസിഎംആര്‍ നടത്തിയ സെറോളജിക്കല്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.

രാജ്യത്തെ 70 ജില്ലകളിലെ 24,000 പേരുടെ രക്തസാംപിളാണ് പരിശോധിച്ചത്. റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും കൈമാറി. അതേസമയം കൊവിഡ് രോഗബാധിതരുടെ എണ്ണം രാജ്യത്ത് രണ്ടര ലക്ഷം പിന്നിട്ടു. ആകെ 2,56,611 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊവിഡില്‍ മരണം ഏഴായിരം കടന്നു. ആകെ മരണ സംഖ്യ 7135 ആയി. 24 മണിക്കൂറിനിടെ 206 പേരാണ് മരിച്ചത്. 9983 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം 1,24,094 പേര്‍ക്ക് കൊവിഡ് ഭേദമായി. 1,25,381 പേര്‍ ചികിത്സയിലുണ്ട്.

Top