പക്ഷിപ്പനി മനുഷ്യര്‍ക്കിടയില്‍ പടരില്ലെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: വളരെ അപൂര്‍വമായി മാത്രമേ പക്ഷിപ്പനി മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുവെന്ന് ഐ.സി.എം.ആര്‍ മേധാവി രണ്‍ദീപ് ഗുലേറിയ. എങ്കിലും രോഗം ബാധിച്ച് മരിച്ച കുട്ടിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്തും. ഈ പ്രദേശത്ത് കോഴിഫാമുകളില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും എയിംസ് ഡയറക്ടര്‍ പറഞ്ഞു.

പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുന്ന സംഭവം അപൂര്‍വമാണ്. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് രോഗം വ്യാപകമായി പടര്‍ന്ന സംഭവം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചില ഫാമിലി ക്ലസ്റ്ററുകളില്‍ രോഗം പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചെറിയ സമ്പര്‍ക്കം കൊണ്ട് രോഗം ഒരിക്കലും പടരില്ലെന്ന് എയിംസിലെ ഡോക്ടറായ ഡോ.നീരജ് നിഷാലും വ്യക്തമാക്കി. കുട്ടിയുമായി ബന്ധം പുലര്‍ത്തിയ ആര്‍ക്കും രോഗലക്ഷണങ്ങളില്ല. ആരോഗ്യപ്രവര്‍ത്തകരും സുരക്ഷിതരാണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

പക്ഷിപ്പനി ബാധിച്ച് മരണം സംഭവിക്കാനുള്ള സാധ്യത 60 ശതമാനത്തോളമാണ്. 70 ഡിഗ്രി സെല്‍ഷ്യസില്‍ 30 മിനിറ്റ് നേരം ഭക്ഷ്യവസ്തുക്കള്‍ പാചകം ചെയ്താല്‍ പക്ഷിപ്പനിക്ക് കാരണമാവുന്ന വൈറസിനെ ഇല്ലാതാക്കാനാകുമെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

 

Top